അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 01
'ചെറുപുഷ്പം' (Little Flower) എന്നറിയപ്പെട്ടിരുന്ന തെരേസ മാര്‍ട്ടിന്‍ എന്ന കൊച്ചുത്രേസ്യ 1873 ജനുവരി രണ്ടിന് ഫ്രാന്‍സിലെ അലെന്‍സോണില്‍ ജനിച്ചു. ലൂയിസ് മാര്‍ട്ടിന്റെയും സെലിന്‍ മാര്‍ട്ടിന്റെയും അഞ്ചുമക്കളില്‍ ഏറ്റവും ഇളയ മകളായിരുന്നു കൊച്ചുത്രേസ്യ. മരിയ, പൗളി, ലെയോണി, സെലിന്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍.
ദമ്പതികള്‍ക്ക് ഒന്‍പതു മക്കള്‍ പിറന്നിരുന്നെങ്കിലും രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ശൈശവത്തില്‍ തന്നെ മരിച്ചു പോയി. പിതാവ് ലൂയിസ് മാര്‍ട്ടിന്‍ ഒരു വാച്ച് നിര്‍മ്മാതാവായിരുന്നു. വൈദികന്‍ ആകാന്‍ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീന്‍ ഭാഷ അറിയാത്തതിനാല്‍ അതിനു കഴിഞ്ഞില്ല. തൂവാല നിര്‍മ്മാണം ആയിരുന്നു മാതാവ് സെലിന്റെ മുഖ്യ വരുമാന മാര്‍ഗം. രോഗികളെ പരിചരിക്കാന്‍ സെലിന് ഏറെ താത്പര്യം ആയിരുന്നു. ഇവര്‍ ഇരുവരും തെരേസയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തി.
തെരേസായ്ക്ക് നാല് വയസ് മാത്രമുള്ളപ്പോള്‍ അമ്മ സ്തനാര്‍ബുധം ബാധിച്ച് മരിച്ചു. വൈകാതെ മാര്‍ട്ടിന്‍ ലിസ്യൂവിലേക്ക് താമസം മാറി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവള്‍ വളര്‍ന്നു വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സന്യാസ ജീവിതം അവളെ ആകര്‍ഷിച്ചിരുന്നു.
1887 ല്‍ കാര്‍മ്മലീത്താ സന്ന്യാസിനീ മഠത്തില്‍ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും പ്രായക്കുറവു മൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരില്‍ രണ്ടുപേര്‍ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. പതിനഞ്ചാമത്തെ വയസില്‍ കര്‍മ്മലീത്താ മഠത്തില്‍ ചേരുവാന്‍ അവള്‍ക്ക് അനുവാദം ലഭിച്ചു. 1889 ജനുവരി പത്തിന് സഭാ വസ്ത്രം സ്വീകരിച്ചു. പിറ്റേ വര്‍ഷം സെപ്റ്റംബര്‍ എട്ടിന് പ്രഥമ വ്രത വാഗ്ദാനം ചെയ്തു.
സാധാരണ ദൈനംദിന ജോലികള്‍ പരിപൂര്‍ണ്ണ വിശ്വസ്തതയോടെ ചെയ്യുകയും ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യ സ്‌നേഹത്തിലും സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധ പ്രകടിപ്പിച്ച അവള്‍ ഇക്കാലത്ത് വിശുദ്ധിയുടെ ഉന്നത ശ്രേണിയിലെത്തി.
സഭയോട് ഏറെ സ്‌നേഹവും ജനങ്ങളെ സഭയിലേക്ക് ചേര്‍ക്കുവാന്‍ അതിയായ ആവേശവും അവര്‍ പുലര്‍ത്തിയിരുന്നു. വൈദികര്‍ക്ക് വേണ്ടി അവര്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇതിനിടെ ക്ഷയരോഗ ബാധിതയായ സിസ്റ്റര്‍ തെരേസാ ഇരുപത്തി നാലാം വയസില്‍ 1897 സെപ്റ്റംബര്‍ 30ന് നിര്യാതയായി. 1923 ഏപ്രില്‍ 29 ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ കൊച്ചുത്രേസ്യയെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17 ന് വിശുദ്ധയായും പ്രഖ്യാപിച്ചു.
അങ്ങനെ 'ഭൂമിയില്‍ നന്മ ചെയ്ത് ഞാന്‍ എന്റെ സ്വര്‍ഗം നേടും' എന്ന അവളുടെ പ്രതിജ്ഞ ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി.സ്വര്‍ഗത്തില്‍ നിന്ന് ഞാന്‍ റോസാ പുഷ്പങ്ങള്‍ വര്‍ഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ചെറുപുഷ്പം ഇന്നും നിറവേറ്റിക്കൊണ്ടിരിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1997 ല്‍ വിശുദ്ധയ്ക്ക് Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ 'Story of a soul' എന്ന ആത്മകഥ അനേകര്‍ക്ക് അവളുടെ ആന്തരിക ജീവിതത്തിലേക്ക് ഇന്ന് വെളിച്ചം പകരുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ലാവോണിലെ ഡോഡോ
2. ടോമിയിലെ പ്രിസ്തൂസ്, ക്രെഷന്‍സ്, എവാഗ്രിയൂസ്,
3. അരെത്താസും കൂട്ടരും
4. ഗന്റിലെ ബാവാ
5. ടാവുല്‍ ബിഷപ്പായിരുന്ന അല്‍ബോഡ്
6. അബിസീനിയന്‍ സഹോദരങ്ങളായ അയിസാസും സാസാനും
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.