കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ടധര്‍ണയും വിശദീകരണ യോഗവും നടക്കും.
ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുള്ളത്. മൂന്ന് ഏജന്‍സികള്‍ മാറിമാറി അന്വേഷിച്ചെങ്കിലും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയങ്ങള്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് പ്രസക്തിയേറെയാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിനെ ദുരൂഹ സാഹചര്യത്തില്‍ കണാതായിട്ട് മൂന്നര വര്‍ഷം കഴിഞ്ഞു. ലൗ ജിഹാദ് എന്ന തട്ടിപ്പിന്റെ ഇരയാണ് ജെസ്‌നയെന്ന് തുടക്കം മുതല്‍ സംശയമുയര്‍ന്നിരുന്നു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരി, പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി സൈമണ്‍ എന്നിവര്‍ അന്വേഷണ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വെളിപ്പെടുത്തലുകളൊന്നും ഉണ്ടായില്ല.
ഇതിനിടെ ജെസ്‌ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടന്നും ഗര്‍ഭിണിയാണന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും പിന്നീട് അന്വേഷണം ഏറ്റെടുത്ത കെ.ജി സൈമണും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന സൂചനയും പുറത്തു വന്നിരുന്നു. എന്നാല്‍ ജെസ്‌ന എന്ന പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന മരിയ ജെയിംസ്. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും. അമ്മ മരിച്ചു. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്നും 2018 മാര്‍ച്ച് 22ന് രാവിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല.
വീട്ടില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയില്‍ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയില്‍പ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള എരുമേലി വഴി പോകുന്ന ബസില്‍ ജെസ്ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണപ്പെട്ടി സ്ഥാപിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് ജയിംസ് 2021 ജനുവരിയില്‍ പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാമെന്ന് 2021 ഫെബ്രുവരി 19 ന് സിബിഐ ഹൈക്കോടതിയെ അറിയിക്കുകയും വൈകാതെ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ജെസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും തുടക്കത്തില്‍ തന്നെ സിബിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സിബിഐ അന്വേഷണവും കാര്യമായി മുന്നോട്ടു പോയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.