''തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും''.
പാലാ: തിന്മക്കെതിരേ കൈകോര്‍ക്കുന്നതുകൊണ്ട് മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്. കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്കയുണ്ടെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ഇന്ന് ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരെ ചില മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടിതമായ ആക്രമണം നടത്തിയിട്ടും പിന്നോട്ടില്ല എന്ന വ്യക്തമായ സൂചനയാണ് ലേഖനത്തിലൂടെ അദ്ദേഹം പങ്കുവെയ്ക്കപ്പെടുന്നത്.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യ നാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും.
ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്പ്പെടുത്തിയവനാണ് ഗാന്ധിജിയെന്നും മാര്‍ കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്ക മൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടു സന്ധി ചെയ്യുമ്പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്.
സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം. അന്യമത വിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസമെന്നും ലേഖനത്തില്‍ പറയുന്നു. നിരവധി ആളുകളാണ് ദീപികയുടെ പത്ര ക്ലിപ്പിംഗ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയം കൊണ്ടും ജീവിതം കൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കര്‍മവും ജീവിതവും കൊണ്ട് ആവിഷ്‌കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യ പുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ് ബുക്കുകള്‍ ആവശ്യമില്ല. മനസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്‌കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധി ജയന്തി ഓര്‍മിപ്പിക്കുന്നത്.
റോമയ്ന്‍ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികള്‍ ശ്രദ്ധേയമാണ്, 'യുഗയുഗാന്തരങ്ങളില്‍ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയ ചരിത്രത്തിനു മാത്രം അവകാശപ്പെട്ട ഒരു വീരനേതാവ് മാത്രമല്ല ഗാന്ധി. മനുഷ്യ സമുദായത്തിലെ ഋഷികളുടെയും പുണ്യാത്മാക്കളുടെയും ഇടയില്‍ തന്റെ നാമം അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിഗ്രഹത്തിന്റെ പ്രകാശധോരണി ലോകത്തിലെ എല്ലാ ദേശങ്ങളിലും കടന്നുചെന്നിട്ടുണ്ട്.'
ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട സത്യം
എല്ലാ തത്ത്വ ചിന്തകളെയും വിശ്വാസ മൂല്യങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെയും ശരീരത്തെയും ആത്മ വിശുദ്ധിയിലേക്കു നയിക്കാനും ഗാന്ധിജിക്ക് സാധിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ന് നമ്മുടെ സമൂഹത്തില്‍ ഗാന്ധിജി അന്യനും അനഭിമതനും ആകുന്നുണ്ടോ എന്ന സംശയം അനുദിനം ബലപ്പെടുന്നുണ്ട്. ഭാരതത്തിന്റെ നിലനില്‍പിനും അര്‍ഥവത്തായ മതേതരത്വത്തിനും ഗാന്ധിജി എന്ന സത്യം അനിവാര്യമാണ്. വിവിധ മത സമൂഹങ്ങളുടെ ഐക്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ചു എന്നതായിരുന്നു ഗാന്ധിജിയുടെ അനന്യത.
ഗാന്ധിജി കറതീര്‍ന്ന ഒരു ഹൈന്ദവ വിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മത വിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് പൊതു നന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ക്രിമിനല്‍ മനസ്ഥിതിയോടെയും അസഹിഷ്ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉള്‍ക്കൊള്ളാനും നമ്മെ പ്രചോദിപ്പിക്കും.
നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്.
ഉള്ളില്‍ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്ര നിര്‍മാണത്തിലും തങ്ങള്‍ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തില്‍ എത്തിച്ചേര്‍ന്നു. കുടുംബ ഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയില്‍ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസിലാക്കി.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്‍ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ്.
മത സമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിനു മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസം. സെക്കുലറിസത്തിന്റെ ഉത്കൃഷ്ട മാതൃക ഇന്ത്യയാണെന്നു പ്രസിദ്ധ ചിന്തകനായ ചാള്‍സ് ടെയ്ലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്.
തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല; മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. സമൂഹത്തിന്റെ സുസ്ഥിതിക്കും നിലനില്‍പിനും ആരോഗ്യകരമായ വളര്‍ച്ചക്കും ഇത് അനിവാര്യമാണ്.
ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മനോഹാരിത പ്രകടമാക്കുന്നുണ്ട്: 'ഗാന്ധി യഥാര്‍ഥത്തില്‍ മതനിഷ്ഠനായിരുന്നു. ആധ്യാത്മിക സാധനകള്‍കൊണ്ടും ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ടും നിര്‍ഭയം നിഷ്‌കന്മഷനും വിദ്വേഷ രഹിതനുമായ ഒരു പുതിയ തരം മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.'
തുറന്നു പറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും ഉറച്ചു നില്‍ക്കേണ്ടപ്പോള്‍ സത്യവിരുദ്ധമായ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നതു മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂര്‍വം നേരിടാനുള്ള കഴിവാണ്.
നിര്‍ഭയത്വം
ഗാന്ധിജിയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഗുണം നിര്‍ഭയത്വമായിരുന്നു. സത്യത്തെ പേടികൂടാതെ വിളിച്ചു പറയുവാനുള്ള പ്രവാചക ധീരത മഹാത്മാവിന്റെ മുഖമുദ്രയാണ്. 'രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധം വിടുവിക്കല്‍ സാധ്യമല്ല. അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ രണ്ടിനെയും മനസിലാക്കുന്നില്ല' എന്ന ഗാന്ധിയന്‍ ചിന്ത ഭാരതത്തെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. മഹാത്മാവ് മറ്റുള്ളവരെക്കുറിച്ചോ അദ്ദേഹത്തെ എതിര്‍ത്തിരുന്നവരോടു പോലുമോ പരുഷമായി സംസാരിച്ചിരുന്നില്ല. അദ്ദേഹത്തെ നിന്ദിച്ചു സംസാരിച്ചിരുന്നവരുടെ പേരു പറയുമ്പോഴെല്ലാം എന്തെങ്കിലും നല്ലവാക്ക് മഹാത്മജി പറയാതിരുന്നിട്ടില്ല.
വെറും വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നില്ല. അപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കൃത്യങ്ങള്‍ കൈകള്‍ ചെയ്യുന്നു. കാണാന്‍ പാടില്ലാത്തവ കണ്ണുകള്‍ നോക്കുന്നു. കേള്‍ക്കാന്‍ പാടില്ലാത്തവ കാതുകള്‍ കേള്‍ക്കുന്നു. ഈ വിധത്തില്‍ യഥാര്‍ഥമായ പ്രവൃത്തിയും കാഴ്ചയും കേള്‍വിയും നമുക്ക് അന്യമായിരിക്കുന്നു. പത്രപ്രവര്‍ത്തകനായ ജെയിംസ് കാമറോണ്‍ എഴുതി: 'ലോകം മുഴുവന്‍ ഗാന്ധിജിയെ അറിഞ്ഞു. പക്ഷേ, ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.' ഇതുകൊണ്ടുതന്നെ ഭാരതീയര്‍ക്ക് ഗാന്ധിജയന്തി ആത്മ വിമര്‍ശനത്തിന്റെ അവസരമാണ്.
അക്രമ രാഹിത്യത്തിന്റെ ആള്‍രൂപം
ലോകചരിത്രത്തില്‍ ഗാന്ധിജി എന്നും അഹിംസയുടെ പ്രതീകമായി നിലനില്‍ക്കുന്നു. 'ബലമോ നിര്‍ബന്ധമോ ഔദ്യോഗിക സ്ഥാനമോ പ്രതാപമോ ഇല്ലാതെ ഇന്ത്യയുടെ പരമോന്നത നേതാവായിത്തീര്‍ന്ന വ്യക്തി' എന്ന നെഹ്റുവിന്റെ വിശേഷണം ഗാന്ധിയന്‍ ദാര്‍ശനികതയിലേക്കു തന്നെയാണ് നമ്മെ എത്തിക്കുന്നത്.
ഓരോ വ്യക്തിയും കുടുംബത്തിലെയും സമുദായത്തിലെയും രാജ്യത്തിലെയും മാനവരാശിയിലെയും നല്ല അംഗമായി ജീവിക്കുക എന്നതാണ് ഗാന്ധിയന്‍ അഹിംസയുടെ കാതല്‍. ഗാന്ധിജി ഭാരത സമൂഹത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് 'ഇന്ത്യയിലെ ജനങ്ങളില്‍ ധൈര്യവും തനിമയും നിയന്ത്രണാത്മക സഹന ശേഷിയും ഒരു ലക്ഷ്യത്തിനു വേണ്ടി സസന്തോഷം സഹിക്കുന്ന ആത്മ നിയന്ത്രണത്തിന്റെ ശക്തിയും മഹാത്മജി സ്വാഭാവികമായ വിനയത്തോടും അഭിമാനത്തോടും കൂടി സന്നിവേശിപ്പിച്ചു' എന്നതാണ് നാം കണ്ടെത്തുന്ന ഉത്തരം.
ഗാന്ധിജി പറഞ്ഞതും ചെയ്തതും ഒരു കാലഘട്ടത്തിനു വേണ്ടിയോ ഭാരതത്തിനു മാത്രം വേണ്ടിയോ ആയിരുന്നില്ല. ഗാന്ധിജി ജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് അദ്ദേഹത്തെ മനസിലാക്കാന്‍ എളുപ്പമായിരുന്നു. സാധാരണക്കാരുടേതു പോലെ എളിയ ജീവിതം നയിച്ചതിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ അവരെയും പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. നേതാക്കന്മാരെ സൃഷ്ടിച്ചു.
തുടര്‍ന്ന്, ആ നേതൃത്വത്തിനു വഴിമാറാന്‍ ഗാന്ധിജി തയാറായി. മൗനവ്രതവും പ്രാര്‍ഥനയും നിരാഹാരവും നൂല്‍നൂല്‍പ്പും പോലുള്ള കാര്യങ്ങളെ രാഷ്ട്രീയ സമരായുധങ്ങളാക്കി മാറ്റി. ജനാധിപത്യ പ്രക്രിയയില്‍ നടക്കേണ്ട പാവനമായ ഈ തനതായ ഗാന്ധിയന്‍ ശൈലി ഇന്നത്തെ നേതാക്കള്‍ക്കും സമൂഹത്തിനും മാതൃകയാണ്.
ലോക നന്മ മാത്രം ലക്ഷ്യം
ഭരണാധികാരികള്‍ ഒരു നയം രൂപീകരിക്കുമ്പോള്‍ അവരുടെ മനസില്‍ വരേണ്ടത് സാമൂഹ്യ ശ്രേണിയില്‍ ഏറ്റവുമൊടുവില്‍ താഴേത്തട്ടില്‍ നില്‍ക്കുന്നവന്റെ മുഖമായിരിക്കണമെന്ന് ഗാന്ധിജി ഓര്‍മിപ്പിക്കുന്നു. സമൂഹത്തിന്റെ മുകള്‍ത്തട്ടു മാത്രം കാണുന്ന പ്രവണത വര്‍ധിച്ചു വരുന്ന ഇന്ന് ഗാന്ധിദര്‍ശനത്തിന്റെ ഉള്‍ക്കാമ്പായ 'മനുഷ്യന്‍' എന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടുകൂടാ.
കല്‍ക്കത്തയിലെ ഒരു യോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചു: 'നിങ്ങളില്‍ ഭൂരിഭാഗവും കല്‍ക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങള്‍ സാധാരണക്കാരായ ആളുകളാണ്. നിങ്ങള്‍ നിഷ്‌കളങ്കരും നല്ലവരും സത്യസന്ധരും ആയിരിക്കണം. അതേസമയം, നിങ്ങളുടെ സാധുക്കളായ സഹോദരീ സഹോദരന്മാരെ സഹായിക്കാനും നിങ്ങളുടെ രാജ്യത്തിന് സ്വരാജ്യം കൈവരുത്താനും നിങ്ങള്‍ ശ്രദ്ധിക്കണം.
നിങ്ങള്‍ എല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളില്‍ നിന്ന് കൊല്‍ക്കത്തയില്‍ താമസിക്കുന്നവരായ നിങ്ങള്‍ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിലും ഉപരിയായി സത്യസന്ധരാകാന്‍ ശ്രമിക്കുക.'
ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രസക്തി സത്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനങ്ങളില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശം ജനിപ്പിക്കാന്‍ ഗാന്ധിജിയുടെ സത്യാധിഷ്ഠിതമായ നിലപാടുകള്‍ക്കു കഴിഞ്ഞു. ജനത്തിന്റെ ഭയവും വിദ്വേഷവും ഇല്ലാതാകണമെങ്കില്‍ തീവ്രരാഷ്ട്രീയ, ആശയ അടിമത്തത്തില്‍ നിന്ന് നാം മോചിതരാകണം. സത്യത്തോടൊപ്പം നടക്കാന്‍ പഠിക്കണം.
മറ്റാരും കൂടെയില്ലെങ്കിലും ഒറ്റയ്ക്കു നടക്കാന്‍ ഗാന്ധിജി ധൈര്യം കാണിച്ചിരുന്നു. ഒറ്റയ്ക്കു നടന്ന് തിന്മകളെ കീഴ്പ്പെടുത്തിയവനാണ് അദ്ദേഹം. ഒരു സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്നതുവഴി മതമൈത്രിയോ മനുഷ്യമൈത്രിയോ അയല്‍പക്ക മൈത്രിയോ നഷ്ടപ്പെടുന്നില്ല എന്നു നാം തിരിച്ചറിയണം. തിന്മകളോടു സന്ധി ചെയ്യുമ്പോഴാണ് മൈത്രി നഷ്ടപ്പെടുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതല്ല സെക്കുലറിസം; അന്യമതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതിലാണ് സെക്കുലറിസം.
ഒരു രാജ്യതന്ത്രജ്ഞന്‍, രാഷ്ട്രമീമാംസകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഉത്തമവാഗ്മി, നിയമവിദഗ്ദ്ധന്‍, ലേഖകന്‍, അധ്യാപകന്‍, മാനുഷികമൂല്യ വാദി, ബഹുവര്‍ഗ നായകന്‍, സത്യാന്വേഷി, സന്ന്യാസി വര്യന്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യക്തിയില്‍ സമന്വയിക്കുന്നതാണ് ഗാന്ധിജി.
വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു ജനതയെ കോര്‍ത്തിണക്കി ഏക മനസാക്കിയ മഹാത്മാവാണ് ഗാന്ധിജി. 'ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമാണ്' എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ വാക്കുകള്‍ ഇവയുടെ നേര്‍ സാക്ഷ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.