അനധികൃത സ്വത്ത് സമ്പാദനം: കെ.സുധാകരനെതിരേ വിജിലന്‍സ്; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് സുധാകരന്‍

അനധികൃത സ്വത്ത് സമ്പാദനം:  കെ.സുധാകരനെതിരേ വിജിലന്‍സ്; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരേ തുടര്‍ നടപടി ആവശ്യപ്പെട്ടത്. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.

പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരേ നിര്‍ണായകമായ ചില തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലന്‍സ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈയിലാണ് പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുധാകരനെതിരേ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂര്‍ എഡ്യൂ പാര്‍ക്കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഏത് ഏജന്‍സി വന്നും കേസ് അന്വേഷിക്കട്ടെ. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

ഒരുപാടുകാലം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ ജീവിച്ചയാളാണ് താന്‍. ജീവിതത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാന്‍ ശ്രമിച്ച ഒരുപാര്‍ട്ടി അതു നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. സംശുദ്ധമായ പൊതു പ്രവര്‍ത്തനമാണ് തന്റേതെന്നും സുധാകരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരം കേസുകളൊന്നും അന്വേഷിക്കില്ല. പരാതിക്കാരനായ പ്രശാന്ത് ബാബു എന്തും വിളിച്ചുപറയും. താല്‍കാലിക ഡ്രൈവറുടെ ജോലിക്ക് കുറച്ചു ദിവസങ്ങള്‍ മാത്രമാണ് പ്രശാന്ത് തനിക്കൊപ്പമുണ്ടായിരുന്നത്. അദ്ദേഹം എന്ത് തെളിവാണ് വിജിലന്‍സിന് മുന്നില്‍ ഹാജരാക്കുന്നതെന്ന് തനിക്ക് അറിയാമെന്നും സുധാകരന്‍ വ്യക്തമാക്കി. സുധാകരനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.