ഈ മാസം 18 മുതല്‍ സംസ്ഥാനത്തെ എല്ലാ കോളജുകളും തുറക്കും. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും നവംബര്‍ ഒന്നു മുതല്‍. സ്‌കൂളുകളില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തും.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ തീയറ്ററുകള്‍ ഒക്ടോബര്‍ 25 തുറക്കും. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ അമ്പതുപേര്‍ക്ക് പങ്കെടുക്കുന്നതിന് അനുമതി നല്‍കാനും തീരുമാനമായി. ഒരേസമയം 25 പേര്‍ക്ക് മാത്രമാണ് നേരത്തെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. അമ്പതുപേരെ പങ്കെടുപ്പിച്ച് ഗ്രാമസഭകള്‍ കൂടാനും അനുമതിയായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തീയറ്ററുകള്‍ തുറക്കുന്നത്. അമ്പത് ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം. പൂര്‍ണമായ തുറക്കല്‍ ഇപ്പോള്‍ സാധ്യമാകില്ല. പ്രേക്ഷകരും തീയറ്റര്‍ ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.
ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് മാര്‍ഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കുന്നത്. നേരത്തെ ഹോട്ടലുകളിലും ബാറുകളിലും ഡൈനിങ് അനുവദിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിരുന്നു. എന്നാല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കാതിരുന്നതിന് എതിരെ പ്രതിഷേധവുമായി വിവിധ സിനിമ സംഘടനകള്‍ രംഗത്തു വന്നിരുന്നു.
ഈ മാസം 18 മുതല്‍ സംസ്ഥാനത്തെ എല്ലാ കോളജുകളും തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട ആലോചനകളും നടന്നു. വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ തലവന്‍മാര്‍ ഡിഡിഇ, ആര്‍ഡിഡിമാര്‍ എന്നിവരുമായാണ് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിനം തന്നെ നേരിട്ട് ക്ലാസിലേക്ക് കടക്കില്ല. ആദ്യം കുട്ടികളുടെ സംഘര്‍ഷം കുറക്കാനുളള ക്ലാസുകളാണ് നടക്കുക. പിന്നീട് സിലബസ് പ്രകാരമുള്ള ക്ലാസുകള്‍ തുടങ്ങും. ആദ്യ മാസം യൂണിഫോമും ഹാജരും നിര്‍ബന്ധമല്ല.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റ് സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നു മുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.
സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍, കോളജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ച് വിളിക്കുമ്പോള്‍ വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തും.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണം. കുട്ടികള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗ രേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.