അബുദാബി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം വെറും 17.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു.
അർധ സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. 42 പന്തുകൾ നേരിട്ട ദുബെ നാല് വീതം സിക്സും ഫോറുമടക്കം 64 റൺസോടെ പുറത്താകാതെ നിന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസിനെ മറികടന്ന് രാജസ്ഥാൻ ആറാം സ്ഥാനത്തേക്ക് കയറി.
എവിൻ ലൂയിസും യശസ്വി ജെയ്സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകിയത്. 32 പന്തിൽ 77 റൺസടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 12 പന്തിൽ രണ്ടു വീതം സിക്സും ഫോറുമടക്കം 27 റൺസെടുത്ത ലൂയിസിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തിൽ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്സ്വാളിനെ മടക്കി. 21 പന്തിൽ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 50 റൺസെടുത്താണ് ജെയ്സ്വാൾ പുറത്തായത്.
പിന്നാലെ ക്രീസിൽ ഒന്നിച്ച സഞ്ജു സാംസൺ - ശിവം ദുബെ സഖ്യം കൂട്ടിച്ചേർത്ത 89 റൺസാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. 24 പന്തിൽ നിന്ന് നാല് ഫോറുകളടക്കം 28 റൺസെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്ലെൻ ഫിലിപ്പ് 14 റൺസോടെ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.
കന്നി ഐ.പി.എൽ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകൾ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു. അവസാന പന്തിൽ സിക്സറടിച്ചാണ് റുതുരാജ് സെഞ്ചുറി തികച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ വെറും 15 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 32 റൺസോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മികച്ച തുടക്കമായിരുന്നു ചെന്നൈയുടേത്. ഓപ്പണിങ് വിക്കറ്റിൽ 47 റൺസ് ചേർത്ത ശേഷമാണ് ഋതുരാജ് - ഫാഫ് ഡുപ്ലെസി സഖ്യം പിരിഞ്ഞത്. 19 പന്തിൽ നിന്ന് 25 റൺസെടുത്ത ഡുപ്ലെസിയെ രാഹുൽ തെവാട്ടിയയുടെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്യുകയായിരുന്നു. പിന്നാലെ മോശം ഫോം തുടരുന്ന സുരേഷ് റെയ്ന മൂന്ന് റൺസുമായി തെവാട്ടിയക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
മൂന്നാം വിക്കറ്റിൽ ഋതുരാജിനൊപ്പം മോയിൻ അലി ചേർന്നതോടെ ചെന്നൈ ഇന്നിങ്സിന് ജീവൻ വെച്ചു. 57 റൺസ് ചെന്നൈ സ്കോറിലേക്ക് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 17 പന്തിൽ 21 റൺസെടുത്ത അലിയെ പുറത്താക്കി തെവാട്ടിയ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.