നിഥിനയുടെ വീട് സന്ദര്‍ശിച്ച്‌ വനിത കമ്മീഷന്‍; അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ ഇടപെടുമെന്ന് സതീദേവി

നിഥിനയുടെ വീട് സന്ദര്‍ശിച്ച്‌ വനിത കമ്മീഷന്‍; അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ ഇടപെടുമെന്ന് സതീദേവി

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച നിഥിനയുടെ വീട് സന്ദര്‍ശിച്ച്‌ വനിത കമ്മീഷന്‍. വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലാണ് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി സന്ദര്‍ശനം നടത്തിയത്.

മകളെ കൊല്ലാതെ വിട്ടിരുന്നെങ്കില്‍ പ്രാരാബ്ധത്തിൽ പോലും സന്തോഷത്തോടെ ജീവിക്കുമായിരുന്നുവെന്ന് നിഥിനയുടെ അമ്മ ബിന്ദു പ്രതികരിച്ചു. ഇപ്പോള്‍ പഠിക്കേണ്ട സമയമാണെന്നും പഠനത്തിന് ശേഷവും ഇഷ്ടം തുടര്‍ന്നാല്‍ വീട്ടുകാരുമായി ആലോചിച്ച്‌ വിവാഹം നടത്തി തരുമെന്ന് അറിയിച്ചിരുന്നുവെന്നും പി. സതീദേവിയോട് ബിന്ദു പറഞ്ഞു.

ഒരമ്മയുടെ ജീവിതത്തിലെ പ്രതീക്ഷയാണ് അരുംകൊലയ്‌ക്ക് ഇരയായതെന്ന് സന്ദര്‍ശനത്തിന് ശേഷം സതീദേവി പ്രതികരിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ കൊലപാതകമല്ല നിഥിനയുടേത്. ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തും. പഠനം കഴിഞ്ഞ് വിവാഹം നടത്തി തരാമെന്ന് പറഞ്ഞിട്ടും പ്രതിക്ക് പക രൂപപ്പെടാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.

എന്നാൽ നിഥിനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ കമ്മീഷന്‍ ഇടപെടുമെന്ന് സതീദേവി പറഞ്ഞു. കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു. കേസില്‍ ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ട്. ‘അന്വേഷണത്തിലെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കും. കൃത്യം നടത്തിയതിനു ശേഷമുള്ള അഭിഷേകിന്റെ പെരുമാറ്റം കൊലപാതകം ആസൂത്രിതം എന്ന് ഉറപ്പിക്കുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. നിഥിനയുടെ മൊബൈല്‍ ഫോണ്‍ അഭിഷേകിന്റെ കയ്യില്‍ ആയിരുന്നു. ഇതിനെയൊന്നും പ്രണയം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും സതീദേവി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.