അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 04
അസീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്തെ പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായിരുന്ന പീറ്റര്‍ ബെര്‍ണാഡിന്റെ മൂത്ത മകനാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി. 1181 ലാണ് ജനനം. അമ്മ മകനെ പ്രസവിക്കാറായപ്പോള്‍ ഒരജ്ഞാത മനുഷ്യന്‍ ഫ്രാന്‍സിസിന്റെ അമ്മയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്ക് പോകുവാന്‍ ഉപദേശിച്ചു. അവര്‍ അതനുസരിക്കുകയും ഫ്രാന്‍സിസ് യേശു ക്രിസ്തുവിനെപ്പോലെ കാലിത്തൊഴുത്തില്‍ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.
ഒരു ധനികന്റെ മകനായതിനാല്‍ നല്ല രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാന്‍സിസ് തന്റെ ആദ്യകാലങ്ങളില്‍ ലോകത്തിന്റെ ഭൗതീകതയില്‍ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. ഇരുപതാമത്തെ വയസില്‍ അസീസിയന്‍സും പെറൂജിയന്‍സും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇദ്ദേഹം പെറൂജിയന്‍സിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.
തടവില്‍ കഴിയുമ്പോള്‍ യേശുവിന്റെ ഒരു ദര്‍ശനം ഉണ്ടായത് ഫ്രാന്‍സിസിന്റെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചു. തടവില്‍ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു.
തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച് ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാന്‍സിസ് സുവിശേഷം തന്റെ ജീവിത നിയമമായി തെരഞ്ഞെടുത്തു. ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിര്‍പ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
തന്നെ തന്നെ സ്വയം താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാന്‍സിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനം ചെലുത്തി. 1209 ല്‍ മാര്‍പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാര്‍സ് മൈനര്‍' (ഫ്രാന്‍സിസ്‌കന്‍സ്) എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് അയ്യായിരത്തോളം പേര്‍ ഈ സഭയില്‍ അംഗങ്ങളായി.
വിശ്വാസികള്‍ക്കിടയില്‍ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212 ല്‍ അസീസിയിലെ വിശുദ്ധ ക്ലാരയുമായി ചേര്‍ന്ന് 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികള്‍' എന്ന സന്യാസിനീ സഭയ്ക്ക് രൂപം നല്‍കി. പിന്നീട് അല്‍മായരേയും ഉള്‍പ്പെടുത്തി 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) യ്ക്കും അദ്ദേഹം രൂപം നല്‍കി. ഫ്രാന്‍സിസ് അസീസിയ്ക്കാണ് പഞ്ചക്ഷതങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്. 224ല്‍ ആയിരുന്നു അത്.
ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാല്‍ ഫ്രാന്‍സിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കന്‍' ആയിട്ടാണ് ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്‌നേഹം 'സെറാഫിക്' എന്ന പേര്‍ ഫ്രാന്‍സിസിന് നേടികൊടുത്തു.
കഠിനാധ്വാനവും തപസ്ചര്യകളും കൊണ്ട് ദുര്‍ബലമായിരുന്ന ഫ്രാന്‍സിസിന്റെ ശരീരത്തെ പഞ്ചക്ഷതങ്ങള്‍ പിന്നെയും തളര്‍ത്തി. കാഴ്ചശക്തി മിക്കവാറും നശിച്ചു. അത് തിരികെ കിട്ടാന്‍ നടത്തിയ വേദനാജനകമായ ശസ്ത്രക്രിയ വിജയിച്ചില്ല. ചികില്‍സക്കായി സന്യാസികള്‍ ഫ്രാന്‍സിസിനെ ഇറ്റലിയിലെ പല നഗരങ്ങളിലും കൊണ്ടുപോയി. അതൊക്കെ വിഫലമാണെന്നു ബോധ്യമായപ്പോള്‍ അദ്ദേഹത്തെ ഇറ്റലിയിലെ പോര്‍സ്യുങ്കുള എന്ന സ്ഥലത്ത് തിരികെ കൊണ്ടു വന്നു. വരുന്ന വഴിക്ക് ഫ്രാന്‍സിസ്, അസീസി നഗരത്തെ ആശീര്‍വദിച്ചതായി പറയപ്പെടുന്നു.
1226 ഒക്ടോബര്‍ നാലിന്് ഇറ്റലിയിലെ പോര്‍സ്യുങ്കുളയില്‍ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാന്‍സിസ് വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതിന് അധികം താമസമുണ്ടായില്ല. 1228 ല്‍ ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. പാരീസിലെ ഔറേയ
2. ക്രിസ്പൂസും കായൂസും
3. ഈജിപ്തിലെ മഹാനായ അമ്മോണ്‍
4. എഫേസൂസിലെ അഡൗക്തൂസും മകള്‍ കല്ലിസ്റ്റേനയും
5. അലക്‌സാണ്ട്രിയായിലെ കായൂസ്, ഫൗസ്തൂസ്, എവുസെബിയൂസ്, കെരെമോന്‍, ലൂസിയൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.