മത-സാമുദായിക സംഘടനാ യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി; പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

മത-സാമുദായിക സംഘടനാ യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി; പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ അത്തരം ഒരു യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 'മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇപ്പോഴില്ല. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സഭയില്‍ വിശദീകരിച്ചു.

സിപിഎം റിപ്പോര്‍ട്ടിനെ നിയമസഭയില്‍ തള്ളിയ മുഖ്യമന്ത്രി കാമ്പസുകളില്‍ പെണ്‍കുട്ടികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന വിശദീകരണമാണ് നല്‍കിയത്. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

അതിനിടെ പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റ് അനുവദിച്ചു. പ്രവേശനം നല്‍കാനാകുക 4.25 ലക്ഷം പേര്‍ക്കെന്നും മന്ത്രി അറിയിച്ചു.

71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുണ്ട്. 16,650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മലപ്പുറത്ത് 1160 സീറ്റുകള്‍ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സ്പോര്‍ട്സ് ക്വാട്ട അടക്കമുള്ളവയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. അഞ്ചു വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ 90.5 ശതമാനം പേര്‍ മാത്രമാണ് തുടര്‍പഠനത്തിന് അപേക്ഷിക്കുന്നത്. ആകെ 3,85,530 സീറ്റുകളുണ്ട്. ആദ്യ അലോട്ട് മെന്റ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണ്ണിന് നല്‍കി. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനത്തിന് അഡീഷണല്‍ ബാച്ചുകള്‍ അനിവാര്യമെന്നും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റുകള്‍ നല്‍കണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. അപേക്ഷയുടെ എണ്ണമാണ്, പ്രവേശനത്തിന്റെ തോതല്ല, കണക്കാക്കേണ്ടതെന്നും പ്രതിപക്ഷം പറഞ്ഞു.

മന്ത്രിയുടേത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മാതാപിതാക്കളെ നിരാശപ്പെടുത്തരുത്. മാനേജ്മെന്റ് സീറ്റില്‍ കൊള്ളയാണ് നടക്കുന്നത്. മൂന്നുലക്ഷം രൂപ വരെ വാങ്ങുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ നടന്നില്ല. ആ വിദ്യാര്‍ത്ഥികളെ ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.