തെരുവില്‍ സമരം ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ? 42 കര്‍ഷക സംഘടനകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

തെരുവില്‍ സമരം ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ?  42 കര്‍ഷക സംഘടനകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: പൊതു മുതല്‍ നശിപ്പിക്കുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും പോലുള്ള സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരില്ലെന്ന് സുപ്രീം കോടതി. ഇക്കാരണത്താല്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ തെരുവില്‍ കര്‍ഷക സംഘടനകള്‍ക്ക് സമരം നടത്താന്‍ നിയമപരമായി സാധിക്കുമോ എന്ന കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന 42 സംഘടനകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മഹാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ലഖിംപുര്‍ ഖേരിയില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടത്. പൊതു മുതല്‍ നശിപ്പിക്കുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും പോലുള്ള സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരില്ലെന്ന് ജസ്റ്റിസ്മാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയങ്ങളില്‍ ആരും തെരുവില്‍ പ്രതിഷേധിക്കരുതെന്ന് അറ്റോര്‍ണി ജനറലും, സോളിസിസ്റ്റര്‍ ജനറലും ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഉളള കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമത്തിനെതിരെ കോടതിയിലെ നടപടികളും തെരുവിലെ സമരവും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. നിയമം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവര്‍ക്ക് അതേ ആവശ്യം ഉന്നയിച്ച് തെരുവില്‍ സമരം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ഒക്ടോബര്‍ 21 ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.