തിരുവനന്തപുരം: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് ധര്‍ണ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതായി.
ഒളിച്ചുവച്ച അജണ്ടകള്‍ ബ്രേക്കിങ് ന്യൂസിന്റെയും അന്തിച്ചര്‍ച്ചകളുടെയും രൂപത്തില്‍ അവതരിപ്പിച്ച് സ്വയം കൃതാര്‍ത്ഥരാകുന്ന വാര്‍ത്താ ചാനലുകള്‍ തിരുവനന്തപുരത്ത് ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയോട് മുഖം തിരിച്ചു. ധര്‍ണയ്ക്കു മുന്‍പായി വിളിച്ച ചേര്‍ത്ത പത്രസമ്മേളനവും മാധ്യമങ്ങള്‍ അവഗണിച്ചെന്ന് ക്രൈസ്തവ സംയുക്ത സമിതിയുടെ പ്രതിനിധി കെവിന്‍ പീറ്റര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന ചില ചാനലുകളുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണം എന്ന ആവശ്യം ധര്‍ണയില്‍ ഉയര്‍ന്നു വന്നതാകാം പരിപാടി സംപ്രേഷണം ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് ചാനലുകളെ എത്തിച്ചതെന്ന് പൊതുവേ കരുതപ്പെടുന്നു. എന്നിരുന്നാലും കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ പ്രതിഷേധ ധര്‍ണ ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
മുന്‍ എംഎല്‍എ പി.സി ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 'രാജ്യസുരക്ഷയും തീവ്രവാദവും' എന്ന വിഷയത്തില്‍ ജെയിംസ് പാണ്ടനാടും 'ജെസ്‌നയും ലൗ ജിഹാദും' എന്ന വിഷയത്തില്‍ ഫാദര്‍ ജോസ് ബേസില്‍ പ്ലാത്തോട്ടവും 'മൗദൂദിസം സമകാലിക രാഷ്ട്രീയത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോണ്‍സണ്‍ തേക്കടയിലും പ്രസംഗിച്ചു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സ്വാഗതം ആശംസിച്ചു.
കാസ, ഡിസിഎഫ്, പിഎല്‍ആര്‍, യുസിഎഫ്, ഇയുഎഫ്, പിസിഐ, തുടങ്ങിയ സംഘടനകളും കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിഎസ്‌ഐ, മാര്‍ത്തോമാ, പെന്തകൊസ്ത്, ദളിത് ക്രൈസ്തവര്‍, മറ്റ് വ്യക്തിഗത സഭാ സമൂഹങ്ങള്‍ എന്നിവരും ഒരേ പ്ലാറ്റ്‌ഫോമില്‍ അണിനിരന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.