കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു; കാര്‍ട്ടൂണുകളെ ജനപ്രിയമാക്കിയ പ്രതിഭ

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍  അന്തരിച്ചു; കാര്‍ട്ടൂണുകളെ ജനപ്രിയമാക്കിയ പ്രതിഭ


കൊച്ചി: കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45നായിരുന്നു അന്ത്യം. മലയാളത്തില്‍ കാര്‍ട്ടൂണുകളെ ജനപ്രിയമാക്കിയ പ്രതിഭയാണ് യേശുദാസന്‍.

അരനൂറ്റാണ്ടിലേറെ മാധ്യമ മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനും, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അധ്യക്ഷനുമാണ്.

മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവില്‍ കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1938 ജൂണ്‍ 12 നാണ് യേശുദാസന്‍ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി.

പിന്നീടാണ് കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായത്. മലയാള മനോരമയില്‍ 25 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു.ശങ്കേഴ്‌സ് വീക്കിലി, ബാലയുഗം, ജനയുഗം, മെട്രൊ വാര്‍ത്ത, ദേശാഭിമാനി എന്നിവയിലും പ്രവര്‍ത്തിച്ചു. കട്ട്കട്ട്, അസാധു എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തി. കെ.ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം രചിച്ചിച്ചത് യേശുദാസനാണ്. എന്റെ പൊന്നുതമ്പുരാന്‍ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിട്ടുണ്ട്.

വരയിലെ നായനാര്‍, വരയിലെ ലീഡര്‍, പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം, എന്‍.വി. പൈലി പുരസ്‌കാരം, ബി.എം. ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: മേഴ്സി. മക്കള്‍: സാനു വൈ.ദാസ്, സേതു വൈ.ദാസ്, സുകുദാസ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.