അബുദബി: പഠനത്തിനായി സ്കൂളുകളിലേക്ക് നേരിട്ടെത്തുന്ന വാക്സിനെടുക്കാത്ത കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ കോവിഡ് പിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശം. 12 വയസില്‍ കൂടുതലുളള കുട്ടികള്‍ക്കാണ് ഇത് ബാധകമാവുക.
വാക്സിനേഷന്‍ ചെയ്ത കുട്ടികള്‍ 30 ദിവസത്തിലൊരിക്കല്‍ പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. 16 വയസിന് മുകളിലുളള കുട്ടികള്‍ വാക്സിന്‍ എടുത്തിരിക്കണം. വാക്സിന്‍ എടുക്കുന്നതിന് ആരോഗ്യപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 11 വയസും അതിന് താഴെയുമുളള കുട്ടികളാണെങ്കില്‍ ക്ലാസ് റൂം പഠനത്തിനായി എത്തുമ്പോള്‍ 30 ദിവസത്തിനുളളില്‍ കോവിഡ് പിസിആർ പരിശോധന നടത്തണം. കോവിഡ് വാക്സിന്‍റെ രണ്ടുഡോസും എടുത്ത് ബൂസ്റ്റർ ഡോസ് എടുത്തവരാണെങ്കിലും അധ്യാപകരും സ്കൂള്‍ ജീവനക്കാരും 30 ദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നും പുതുക്കിയ മാർഗ്ഗ നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ക്കായി എമിറേറ്റിലുടനീളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 12 വയസില്‍ താഴെയുളളവർക്ക് സിനോഫാം വാക്സിനാണ് നല്‍കുന്നത്. 12 വയസിന് മുകളിലുളളവർക്ക് ഫൈസർ വാക്സിന്‍ നല്‍കുന്നുണ്ട്.
സ്കൂളുകള്‍ക്ക് ഇളവ് നല്‍കുന്നത് ആലോചനയില്‍
വാക്സിനേഷന്‍ നടത്തിയതിന്‍റെ നിരക്ക് അനുസരിച്ച് സ്കൂളുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയേക്കും. വാക്സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്ന സ്കൂളുകളില്‍ സാമൂഹിക അകലം പാലിക്കല്‍, വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയവയില്‍ ഇളവ് നല‍്കുന്ന കളർ കോഡ് സംവിധാനം അടുത്ത ടേം മുതല്‍ നടപ്പിലാക്കാനാണ് ആലോചന.
50 ശതമാനത്തില്‍ താഴെയാണ് വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ നിരക്കെങ്കില്‍ ഓറഞ്ച് ഗണത്തിലാകും സ്കൂള്‍ ഉള്‍പ്പെടുക. 50 മുതല്‍ 64 ശതമാനം വരെയാണ് വാക്സിനേഷന്‍ നിരക്കെങ്കില്‍ മഞ്ഞഗണത്തിലും 65 മുതല്‍ 84 ശതമാനം വരെയാണ് നിരക്കെങ്കില്‍ നീല ഗണത്തിലും ഉള്‍പ്പെടും. നീല ഗണത്തില്‍ പെട്ട സ്കൂളുകള്‍ക്കായിരിക്കും കൂടുതല്‍ ഇളവുകള്‍ ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.