ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരെ ആസൂത്രിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആര് തടഞ്ഞാലും ഞങ്ങൾ അവിടെ പോവുകയും ജനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം തടയുന്നതെന്ന് രാഹുൽ ചോദിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയിലെ ലഖിംപുർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സംഘത്തിനും ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ലഖിംപുർ സന്ദർശനത്തിനായി പോയ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളെ ഇതിനോടകം യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്.
ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് സന്ദർശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. ആൾക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുലിനും സംഘത്തിനും യുപി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ യു.പിയിലെ സാഹചര്യം മനസിലാക്കാനും കർഷകരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനുമായി രണ്ടു മുഖ്യമന്ത്രിമാർക്കൊപ്പം താൻ ലഖിംപുർ ഖേരി സന്ദർശിക്കുമെന്നും രാഹുൽ പറഞ്ഞു. മേഖലയിൽ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൂന്നുപേർക്കേ അവിടേക്ക് പോകാനാവൂ. അതിനാലാണ് മൂന്നുപേർ പോകുന്നത്.
എന്നാൽ ഞങ്ങൾക്ക് അവിടെ പോവുകയും ജനങ്ങളെ പിന്തുണയ്ക്കുകയും വേണമെന്നും രാഹുൽ വ്യക്തമാക്കി.
കർഷകരെ ജീപ്പുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അവരെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രിയുടെയും മകന്റെയും പേര് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി ലഖ്നൗ സന്ദർശിച്ചു. എന്നാൽ അദ്ദേഹം ലഖിംപുർ ഖേരിയിൽ സന്ദർശനം നടത്തിയില്ലെന്നും രാഹുൽ പറഞ്ഞു. ഇത് കർഷകർക്കു നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് നിലവിൽ ഏകാധിപത്യമാണെന്നും രാഹുൽ ആരോപിച്ചു. മുൻപ് രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഏകാധിപത്യമാണ്. സർക്കാർ കർഷകരെ അപമാനിക്കുകയാണ്. ലഖിംപുരിൽ പ്രവേശിക്കുന്നതിൽനിന്ന് പ്രതിപക്ഷ നേതാക്കളെ വിലക്കുന്നു. ഏകാധിപത്യത്തിൽ ഇതൊക്കെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.