സഭയില്‍ വരാത്ത അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; കഴിയില്ലെങ്കിൽ രാജിവെച്ച് പോകണം: വി.ഡി സതീശൻ

സഭയില്‍ വരാത്ത അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; കഴിയില്ലെങ്കിൽ രാജിവെച്ച് പോകണം: വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായി വരാതിരിക്കുന്ന പി.വി അൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ചു ദിവസം മാത്രമാണ് അൻവർ സഭയിലെത്തിയത്. ഒരു അവധി അപേക്ഷ പോലും നൽകാതെയാണ് അൻവർ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്.

അതേസമയം ജനപ്രതിനിധി ആയിരിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകുന്നതാണ് അൻവറിന് നല്ലതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. 'നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അൻവർ സ്ഥലത്തില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ രാജിവെച്ച് പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കിൽ എംഎൽഎ ആയിരിക്കേണ്ട കാര്യമില്ലെന്നും' സതീശൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരും ഇക്കാര്യത്തിൽ നിലപാട് വ്യക്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോഗ്യ കാരണങ്ങൾ കൊണ്ടാണ് മാറിനിൽക്കുന്നതെങ്കിൽ മനസിലാക്കാമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടര്‍ച്ചയായി സഭയില്‍ ഹാജരാകാതിരുന്നാല്‍ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തില്‍ പറയുന്നത്. ഈ ചട്ടം നിയമസഭയില്‍ അന്‍വറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വിദേശത്തുള്ള അന്‍വര്‍ ഈ മാസം 15-ന് തിരിച്ചെത്തുമെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.