ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് കേന്ദ്ര സര്‍ക്കാർ കര്‍ശന മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വർധിച്ചുവരുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ തടയുന്നതിന് ഭാഗമായിട്ടാണ് കര്‍ശന വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
എന്നാൽ മാര്‍ഗരേഖ പാലിച്ചില്ലെങ്കില്‍ സ്ക്കൂളുകൾക്കെതിരെ പിഴ, പ്രവേശനം തടയല്‍, അംഗീകാരം റദ്ദാക്കല്‍ എന്നിവ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്.
2017 സെപ്തംബറില്‍ ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ 16 കാരനായ സീനിയര്‍ വിദ്യാര്‍ത്ഥി ഏഴു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാര്‍ഗരേഖ തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം 2015 ലെ ജുവനൈല്‍ ജസ്റ്റിസ്, പോസ്കോ നിയമങ്ങള്‍ പ്രകാരമുള്ള മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും.
വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള മാനസിക, ശാരീരിക പീഡനങ്ങള്‍ കുറ്റകരമാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ തരത്തിലുള്ള അപകടങ്ങളില്‍ നിന്നും കുട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്കൂളുകളില്‍ നിക്ഷിപ്‌തമാണ്. കുട്ടിയുടെ ശാരീരികവും സാമൂഹികവും വൈകാരികവും മനഃശാസ്‌ത്രപരവുമായ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം സ്കൂളുകളിലുണ്ടാകണം.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം, റാഗിംഗ് പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. സുരക്ഷാ നിലവാരം ഉറപ്പാക്കാന്‍ സ്കൂള്‍ മാനേജ്മെന്റ് മൂന്നു മാസത്തിലൊരിക്കല്‍ പരിശോധന നടത്തണം. അദ്ധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും സ്കൂള്‍ സുരക്ഷാ പദ്ധതി ക്യാമ്പസിൽ പ്രദര്‍ശിപ്പിക്കുകയും വേണം.
വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്വം മാനേജ്മെന്റ്, പ്രിന്‍സിപ്പല്‍, സ്കൂള്‍ മേധാവി എന്നിവരില്‍ നിക്ഷിപ്‌തമാണെന്ന് ഉറപ്പാക്കിയ ശേഷമാകണം സംസ്ഥാന സര്‍ക്കാരുകള്‍ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാലും നടപടിയുണ്ടാവും.
അതേസമയം സുരക്ഷാ മാര്‍ഗരേഖ പാലിക്കാത്ത സ്കൂളുകളുടെ വാര്‍ഷിക വരുമാനത്തിന്റെ അഞ്ചു ശതമാനം വരെ പിഴയായി ഈടാക്കും. വീഴ്ച ആവര്‍ത്തിച്ചാല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് തടയും. അടുത്ത ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അംഗീകാരം റദ്ദാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.