കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുംവരെ പോരാടും: പ്രിയങ്ക ഗാന്ധി

കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുംവരെ പോരാടും: പ്രിയങ്ക ഗാന്ധി

ലഖ്നൗ: ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ കുടുംബങ്ങൾ ഞങ്ങളോട് ആവശ്യപ്പെട്ടത് നീതി ലഭിക്കണമെന്ന് മാത്രമാണ്. അവർക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ച ശേഷം ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ കാര്യം വ്യക്തമാക്കിയത്. അതേസമയം കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തിരിമറിയുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു.

സംഘർഷത്തിൽ കൊല്ലപ്പെട്ട 19-കാരനായ ഗുർവീന്ദർ സിങ്ങിന്റെ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശരീരത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നില്ല. വെടിയേറ്റാണ് ഗുർവീന്ദർ മരിച്ചതെന്ന് ആരോപിച്ചാണ് കുടുംബം വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടത്. എന്നാൽ റോഡിൽ വലിച്ചിഴച്ചതിനാലുണ്ടായ മുറിവുകളാണ് ശരീരത്തിൽ കണ്ടെത്തിയതെന്നും അമിത രക്തസ്രാവമാണ് മരണ കാരണമെന്നുമാണ് പുതിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നത്.

കർഷകർക്ക് നേരേ കാറോടിച്ചുകയറ്റിയ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ യോഗി സർക്കാർ തയ്യറാകണമെന്നും കേസിൽ അന്വേഷണം നീതിപൂർവമായി നടക്കണമെങ്കിൽ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ലഖിംപുരിലേക്ക് തിരിച്ച തന്നെ യുപി പോലീസ് രണ്ട് ദിവസം അന്യായമായി തടങ്കലിൽ പാർപ്പിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ പോലും ഹാജരാക്കിയില്ല. ലഖിംപുരിൽ കർഷകർക്ക് നേരേയുള്ള സംഘർഷം നടക്കുമ്പോൾ യുപി പോലീസ് എവിടെയായിരുന്നുവെന്നും നേതാക്കളെ തടയാൻ മാത്രമാണോ യുപി പോലീസെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.