തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പോകുമ്പോൾ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി.
റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഗതാഗത വകുപ്പ് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു.
ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുട പിടിച്ച് നടന്നു പോകുമ്പോൾ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്. കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്‌ട് പ്രവചനാതീതമാണ്.
വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂടുമ്പോൾ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമാകുന്നു മാത്രവുമല്ല ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും. ഇവയെല്ലാം കണക്കിലെടുത്താണ് ഇരുചക്ര വാഹനങ്ങളിൽ കുട ചൂടിയുള്ള യാത്ര ഗതാഗത വകുപ്പ് കർശനമായി വിലക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.