കോട്ടയം: 'അച്ചാച്ചനും അമ്മച്ചിക്കും എന്നെ ഒരു ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം'. ആരോഗ്യ സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റോസ് ക്രിസ്റ്റി ജോസിന്റെ വാക്കുകളാണിത്. റോസിന്റെ ഈ അഭിമാന നേട്ടത്തില്‍ അവളുടെ അച്ചാച്ചനും അമ്മച്ചിയും മാലാഖമാര്‍ക്കൊപ്പം പറുദീസയില്‍ ഇരുന്ന് ആനന്ദിക്കുന്നുണ്ടാവും. 2009ലാണു റോസിയുടെ അമ്മ കാന്‍സര്‍ ബാധിച്ചു മരിക്കുന്നത്.
എംബിബിഎസിനു ചേര്‍ന്ന വര്‍ഷമായിരുന്നു അച്ഛന്റെ മരണം. പിന്നീട് പേരമ്മ ജെസിയമ്മ ജോസഫ് റോസിനും സഹോദരങ്ങളായ അലക്‌സ് ജോസഫിനും അന്ന ജോസിക്കും പകരം വെക്കാനാവാത്ത മറ്റൊരു സ്‌നേഹം പകര്‍ന്നു നല്‍കി കൂടെ കൂട്ടുകയായിരുന്നു.
അച്ചാച്ചന്റേയും അമ്മച്ചിയുടേയും ആഗ്രഹം പോലെ ചെറുപ്പം മുതലേ എംബിബിഎസ് ആഗ്രഹം തന്നെയും പിടികൂടിയിരുന്നുവെന്ന് റോസ് പറയുന്നു. പഠിച്ച് റാങ്ക് വാങ്ങണമെന്ന വാശിയൊന്നും ഇല്ലായിരുന്നു. ദിവസേനയുള്ള പഠിത്തത്തേക്കാള്‍ പരീക്ഷ അടുക്കുമ്പോള്‍ ഇരുന്ന് പഠിക്കുന്നയാളാണ് താനെന്നും ഹൗസ് സര്‍ജന്‍സിക്കു ശേഷം ഉപരിപഠനം ലക്ഷ്യമിടുന്ന റോസ് പറയുന്നു.
പാലക്കാട് പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് റോസ് ക്രിസ്റ്റി എംബിബിഎസ് പഠിത്തം പൂര്‍ത്തിയാക്കിയത്. ചങ്ങനാശേരി വട്ടപ്പള്ളി കുത്തുകല്ലുങ്കല്‍ വീട്ടില്‍ പരേതരായ അഡ്വ. ജോസി കെ അലക്‌സിന്റെയും മണിമല കൈതപ്പറമ്പില്‍ ജെയ്‌നമ്മ ജോസഫിന്റെയും മകളാണ് 2016 എംബിബിഎസ് ബാച്ച് വിദ്യാര്‍ത്ഥിനിയായ റോസ്.
മാതാപിതാക്കള്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെക്കുറിച്ച് കണ്ട സ്വപ്‌നം ആ മകള്‍ ഇന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ആ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്, ഓരോ തവണയും മികച്ച വിജയം കരസ്ഥമാക്കി സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാന്‍ അവളെ പ്രാപ്തയാക്കിയത്.
ഒന്നാം വര്‍ഷം കെയുഎച്ച് എസ് മൂന്നാം റാങ്കും രണ്ടാം വര്‍ഷം മൂന്നാം റാങ്കും അവസാന വര്‍ഷം ഒന്നാം റാങ്കും നേടിയാണ് സംസ്ഥാന തലത്തില്‍ റോസ് ഒന്നാമതെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.