കൊച്ചി: സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ മൂന്ന് ആഡംബര കാറുകളിലൊന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മകന്റെ പേരിലുള്ളതെന്ന് സൂചന. മോന്‍സണ്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ചേര്‍ത്തലയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത മൂന്ന് ആഡംബരകാറുകളില്‍ പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ് കാര്‍ മന്‍മോഹന്‍ സിങിന്റെ മകന്റെ പേരിലുള്ളതെന്നാണു വിവരം.
കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ എന്നീ കാറുകളും പിടിച്ചെടുത്തിരുന്നു. വര്‍ക്ക്‌ഷോപ്പ് ഉടമയില്‍നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കാറിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പു പരിശോധിച്ചു വരികയാണ്. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദേശം നല്‍കി.
മന്‍മോഹന്‍ സിങിന്റെ മകന്റെ പേരിലുള്ള കാര്‍ എങ്ങനെ മോന്‍സന്റെ പക്കലെത്തി എന്നത് കേസില്‍ പ്രധാനമാണ്. വ്യാജ നമ്പറല്ലെന്നാണ് പ്രാഥമിക വിവരം. മന്‍മോഹന്‍ സിങിന്റെ മകന്റെ കാറാണെന്നു മോന്‍സണ്‍ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. ഇയാള്‍ക്കു ഡല്‍ഹിയിലടക്കം വലിയ ബന്ധങ്ങള്‍ ഉണ്ടെന്നും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണു ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതത്.
അതേസമയം, കലൂരിലെ വീട്ടില്‍ കണ്ടെത്തിയ ആഡംബര കാറുകളെല്ലാം റോഡിലിറക്കാന്‍ കഴിയാത്തവയാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
കാലാവധി തീരാറായതും എന്‍ജിന്‍ തകരാറിലായതുമായ എട്ടു കാറുകളാണ് പരിശോധിച്ചത്. ടൊയോട്ട, മസ്ത, ലാന്‍ഡ് ക്രൂയിസര്‍, റേഞ്ച് റോവര്‍, ബെന്‍സ്, ഫെറാരി തുടങ്ങിയ കാറുകള്‍. ഇവയില്‍ പലതും രൂപമാറ്റം വരുത്തിയതാണ്. മിക്കതിന്റെയും ടയര്‍ തേഞ്ഞു തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാനാണു വീട്ടില്‍ ഇവ പ്രദര്‍ശിപ്പിച്ചിരുന്നത്.
തനിക്കു മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു മോന്‍സണ്‍ പരാതിക്കാരോടു പറഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്കു പരുക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇത് മോന്‍സണ്‍ സ്റ്റൈല്‍ തള്ളാണോ, അതല്ല ഇതില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.