സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി എങ്ങനെ എട്ട് ലക്ഷമായി ഉയര്‍ത്താനാവുമെന്ന് സുപ്രീം കാടതി

സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി എങ്ങനെ എട്ട് ലക്ഷമായി ഉയര്‍ത്താനാവുമെന്ന് സുപ്രീം കാടതി

ന്യൂഡല്‍ഹി : സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി എങ്ങനെ എട്ട് ലക്ഷമായി ഉയര്‍ത്താനാവുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അതേ വരുമാനപരിധി അതല്ലാത്ത വിഭാഗങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്നത് എങ്ങനെ ശരിയാവുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഒരേ അളവുകോലില്‍ വ്യത്യസ്ത സംവരണം ലഭ്യമാക്കുന്നത് ഉചിതമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ (നീറ്റ്) 27 ശതമാനം ഒ.ബി.സി സംവരണവും പത്ത് ശതമാനം സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിന്മേലാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്,​ വിക്രംനാഥ്,​ ബി.വി. നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ചോദ്യം.

സാമ്പത്തിക സംവരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഒ.ബി.സി സംവരണത്തിനുള്ള ക്രീമിലെയറിന് സമാനമായി എട്ട് ലക്ഷം രൂപയാണ് ഇതിനും വാര്‍ഷിക വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് വാദിച്ചു.

" നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) വരുമാനം മാത്രമാണോ സംവരണത്തിനായി പരിഗണിക്കുന്നത്?. ഇതേ സംവരണ അളവുകോല്‍ നിങ്ങള്‍ എസ്.ഇ.ബി.സിയിലും പരീക്ഷിക്കുമോ?​ ഒ.ബി.സി ക്രീമിലെയറില്‍പ്പെടാനുള്ള ഏക വ്യവസ്ഥ സാമ്പത്തികം മാത്രമാണോ?​ രാജ്യത്തെ പിന്നാക്കാവസ്ഥ പൂര്‍ണ്ണമായും എടുത്ത് മാറ്റിയോ?​ ഒരേ അളവുകോലില്‍ രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ സംവരണം നടപ്പാക്കാനാവുമോ?. രാജ്യത്താകെ സാമ്പത്തിക സംവരണത്തിനും എട്ട് ലക്ഷം വാര്‍ഷിക വരുമാന പരിധിയായി നിശ്ചയിക്കുന്നതെങ്ങനെ?. ആരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്? ​സര്‍ക്കാരിന്റെ നയമെന്നുപറഞ്ഞ് ഒഴിയാനാകില്ല. സാമ്പത്തിക സംവരണത്തിന് ഭരണഘടന ഭേദഗതിയുണ്ട്"എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.