സ്‌കൂള്‍ തുറക്കല്‍ അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

 സ്‌കൂള്‍ തുറക്കല്‍ അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. നവംബര്‍ ഒന്നാം തീയതിയോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങുന്ന പൊതു നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ മാര്‍ഗരേഖ പുറത്തിറക്കുക.

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. കൂടാതെ ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്‌ളാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്‌ളാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കുകയും ചെയ്യും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ലെന്നാണ് തീരുമാനം.

സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ വ്യക്തമാക്കും. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്‌കൂളുകളില്‍ രോഗ ലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗ ലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അധ്യാപകരും, അനധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.