വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന്

വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലാണ് നാല്‍പത്തിയഞ്ചാം വയലാര്‍ പുരസ്‌കാരം ബെന്യാമിന് നേടിക്കൊടുത്തത്. കെ.ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

തന്റെ ആത്മാംശം വളരെയധികമുള്ള കൃതിയ്ക്കു തന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയ ബൗദ്ധിക ചുറ്റുപാടുകള്‍ കൊണ്ട് നിര്‍മിതമായ ഒരു സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ബെന്യാമിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.