കാലുകളില്ലാതെ സയോണ്‍ ഓടിക്കയറിയത് ഗിന്നസ് റെക്കോര്‍ഡിലേക്ക് !

കാലുകളില്ലാതെ സയോണ്‍ ഓടിക്കയറിയത് ഗിന്നസ് റെക്കോര്‍ഡിലേക്ക് !

സയോണ്‍ ക്ലാര്‍ക്ക് എന്ന കായിക താരത്തിന്റെ പോരാട്ടവീര്യത്തെക്കുറിച്ചും നിശ്ചയ ദാര്‍ഢ്യത്തെക്കുറിച്ചുമാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഒഹയോയില്‍ നിന്നുള്ള കായികതാരവും മോട്ടിവേഷണല്‍ സ്പീക്കറുമാണ് ഇരുപത്തിമൂന്നുകാരനായ ക്ലാര്‍ക്ക്. ലോക ഗിന്നസ് റെക്കോര്‍ഡ് ജേതാവായ സയോണ്‍ ക്ലാര്‍ക്കിന്റെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിത വിജയത്തിന് പിന്നില്‍ ഒരുപാട് ത്യാഗമുണ്ട്.

കൈകളുപയോഗിച്ച് 20 മീറ്റര്‍ ദൂരം വെറും 4.76 സെക്കന്‍ഡില്‍ മറികടന്നാണ് ക്ലാര്‍ക്ക് ഗിന്നസില്‍ ഇടംപിടിച്ചത്. ശരീരത്തിന്റെ കീഴ്പോട്ടുള്ള ഭാഗം അസാധാരണ രീതിയില്‍ വികസിക്കുന്ന കോഡല്‍ റിഗ്രസീവ് സിന്‍ഡ്രോം എന്ന രോഗം ബാധിച്ച ക്ലാര്‍ക്കിന് ജന്മനാ കാലുകളില്ല. എന്നാല്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കെ ഗുസ്തി ഉള്‍പ്പെടെ നിരവധി കായിക ഇനങ്ങളില്‍ അതീവ തല്‍പരനായിരുന്നു ക്ലാര്‍ക്ക്. കൈകളാല്‍ ഏറ്റവും വേഗം ഓടിയെത്തുകയെന്നത് ക്ലാര്‍ക്കിന്റെ സ്വപ്നമായിരുന്നു. നിരന്തരമായ തോല്‍വികള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ക്ലാര്‍ക്ക് അത് നേടി.

ഫിനിഷിങ് പോയിന്റ് കടന്നുവെന്ന് മനസിലാക്കുന്നതിന് മുമ്പ് തന്നെ എന്റെ ശരീരവും മനസും ആഹ്ലാദപൂരിതമായെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. താനും പ്രണയിനിയും ഉള്‍പ്പെടെ എല്ലാവരും ആകാംഷാഭരിതരായിരുന്നു. അനിര്‍വചനീയമായ നിമിഷമായിരുന്നുവതെന്നും ക്ലാര്‍ക്ക് പറഞ്ഞു. തന്റെ പരിധികള്‍ക്കപ്പുറത്ത് നിന്ന് നിരന്തരമായി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു ക്ലാര്‍ക്ക്.

ഒളിമ്പിക്സ് സ്വര്‍ണ ജേതാവും ഗിന്നസ് റെക്കോര്‍ഡ് നേട്ടക്കാരനുമായ ബച്ച് റെയ്നോള്‍ഡ്സ് ആണ് ക്ലാര്‍ക്കിന്റെ പരിശീലകന്‍. നീണ്ട കാലത്തെ സ്വപ്ന സാക്ഷാത്കാരത്തിനായി ക്ലാര്‍ക്കിനെ പാകപ്പെടുത്തിയതും ധൈര്യം നല്‍കിയതുമെല്ലാം പരിശീലകനായിരുന്നു. വൈകല്യങ്ങളുള്ളവരോട് പ്രത്യേകിച്ച് അത്തരത്തിലുള്ള കുഞ്ഞുങ്ങളോട് ക്ലാര്‍ക്കിന് പറയാനുള്ളത് ഇതാണ്.. ''പ്രയാസമായിരിക്കും.. എങ്കിലും ഹൃദയത്തില്‍ നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ആഗ്രഹങ്ങള്‍ നേടിയെടുക്കാം.. നിങ്ങള്‍ക്ക് വൈകല്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ സന്ദേശം ഇതുതന്നെ..''

ക്ലാര്‍ക്ക് ഗര്‍ഭസ്ഥ ശിശുവായിരിക്കെ അമ്മ ശരിയായി ആരോഗ്യ ശുശ്രൂക്ഷ നടത്താതിരുന്നതാണ് വൈകല്യത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കെ മയക്കുമരുന്നുകള്‍ അമിതമായി ഉപയോഗിച്ചതും ക്ലാര്‍ക്കിനെ ദോഷമായി ബാധിച്ചു. കോഡല്‍ റിഗ്രസീവ് സിന്‍ഡ്രോം ബാധിതനാകാന്‍ കാരണവും അതുതന്നെയാണ്. രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് നേരെ നട്ടെല്ലു നിവര്‍ത്തി നില്‍ക്കാന്‍ പോലും ക്ലാര്‍ക്കിന് സാധ്യമായത്.

ക്ലാര്‍ക്ക് 16 വയസ് വരെ അനാഥലായത്തിലായിരുന്നു വളര്‍ന്നത്. ഇക്കാലയളവില്‍ നിരവധി മാനസിക പീഡനങ്ങള്‍ക്കും ക്ലാര്‍ക്ക് വിധേയനായി. ഒടുവില്‍ സ്നേഹനിധിയായ ഒരമ്മ ക്ലാര്‍ക്കിനെ തേടിയെത്തുകയും ദത്തെടുത്ത് പരിചരിക്കുകയും ചെയ്തു. തന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യം കിംബേര്‍ലി ഹോക്കിന്‍സ് എന്ന സ്ത്രീ തന്നെ മകനായി സ്വീകരിച്ചതാണെന്ന് ക്ലാര്‍ക്ക് പറയുന്നു.

സ്‌കൂളിലും നാട്ടിലും ചുറ്റുപാടിലുമായി നിരന്തരമായി തന്നെ അവഹേളിച്ചവരോട് ക്ലാര്‍ക്കിന് ഇന്ന് ഒന്നേ പറയാനുള്ളൂ. എല്ലാവരോടും എല്ലാത്തിനും നന്ദി. 2024ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്-പാലാമ്പിക്സുകളില്‍ ഗുസ്തിയിലും വീല്‍ചെയര്‍ റേസിങ്ങിലും മത്സരിക്കുകയാണ് ക്ലാര്‍ക്കിന്റെ സ്വപ്നം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.