തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി കെ.ടി ജലീലിനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ ആരോപിച്ചു.
ജയില്‍മോചിതനായ ശേഷമാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും സന്ദീപ് പറയുന്നു. കെ.ടി ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.
എന്നാല്‍ സ്വര്‍ണകടത്തു കേസുമായി ബന്ധപ്പെട്ട് ഒന്നും പറയില്ലെന്നും എല്ലാം കോടതിയിലാണെന്നും സന്ദീപ് പറഞ്ഞു. ഡോളര്‍ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാന്‍ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയതെന്നും സന്ദീപ് വ്യക്തമാക്കി.
സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ചാരിറ്റി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചുകൊടുത്ത ഭൂമിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് നിര്‍മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബില്‍ഡറെ ഏര്‍പ്പാടാക്കിയത് താനാണ്. ആ വകയില്‍ തനിക്ക് കമ്മിഷന്‍ കിട്ടിയെന്നും ഇതിന് ടാക്സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.
യു.എ.ഇ കോണ്‍സുലേറ്റില്‍ ചെറിയ ചില പരിപാടികള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ഖാലിദിനെ കണ്ട് പരിചയം. അയാളുമായി വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറയുന്നു. ഡോളര്‍ക്കേസ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടതല്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഒളിവില്‍ കഴിയാന്‍ എറണാകുളത്താണ് പോയതെന്നും അതിന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോള്‍ സ്വപ്നയ്ക്കൊപ്പം ബെംഗളൂരുവിലേയ്ക്ക് പോയത് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ്. കേസില്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കിയത് താനായതിനാലാണ് അവര്‍ക്കൊപ്പം ബെംഗളൂരിലേയ്ക്ക് പോയതെന്നും സന്ദീപ് പറഞ്ഞു.
സ്വര്‍ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന സന്ദീപ് നായര്‍ പുറത്തിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.