'ദരിദ്രനായ പാപി' എന്ന് സ്വയം വിശേഷിപ്പിച്ച വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ഗിയ

'ദരിദ്രനായ പാപി' എന്ന് സ്വയം വിശേഷിപ്പിച്ച വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ഗിയ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 10

ലെന്‍സിയായില്‍ ഗാന്റിയാ എന്ന നഗരത്തില്‍ 1510 ലാണ് ഫ്രാന്‍സിസ് ബോര്‍ഗിയ ജനിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭക്തയായിരുന്നു അവന്റെ അമ്മ. ഈശോയെന്നും മറിയമെന്നുമാണ് ഫ്രാന്‍സിസ് ആദ്യം ഉച്ഛരിച്ച വാക്കുകളെന്ന് ചരിത്ര പുസ്തകങ്ങള്‍ വ്യക്തമാക്കുന്നു. ആരഗോണ്‍ ആര്‍ച്ചു ബിഷപ്പായിരുന്ന ജോണിന്റെ കൂടെ പന്ത്രണ്ടു വയസ് മുതല്‍ താമസമാക്കി സാഹിത്യവും തത്വശാസ്ത്രവും പഠിച്ചു.

ചക്രവര്‍ത്തിനിയായ ഇസബെല്ലയുടെ നിര്‍ദേശപ്രകാരം പിന്നീട് എലീനര്‍ ദെകാസ്‌ത്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് എട്ടു മക്കളുണ്ടായിരുന്നു. ചാള്‍സ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരുയര്‍ന്ന പ്രഭുവും നാടുവാഴിയും എന്ന നിലയില്‍ അദ്ദേഹം സമൂഹത്തില്‍ വളരെയേറെ ബഹുമാനിതനായിരുന്നു.

1539 മെയ് ഒന്നിന് സുന്ദരിയായ ചക്രവര്‍ത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി ശവമഞ്ചം തുറന്നപ്പോള്‍ മരണം ചക്രവര്‍ത്തിനിയില്‍ വരുത്തിയ മാറ്റം ഫ്രാന്‍സിസ് ദര്‍ശിച്ചു. വികൃതമായി മാറിയ അവരുടെ മുഖം കണ്ട മാത്രയില്‍ തന്നെ ഇഹലോക സുഖങ്ങള്‍ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു.

1546 മാര്‍ച്ച് 27 ന് തന്റെ ഭാര്യയുടെ മരണത്തോടെ മുപ്പത്താറാമത്തെ വയസില്‍ ഫ്രാന്‍സിസ് ഈശോ സഭയില്‍ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. 1551 ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. സ്ഥാനമാനങ്ങള്‍ വേണ്ടെന്നു വച്ചാണ് സഭയില്‍ ചേര്‍ന്നതെങ്കിലും 1565 ല്‍ അദ്ദേഹം സഭയുടെ സുപ്പീരിയര്‍ ജനറലായി.

ഫ്രാന്‍സിസിന്റെ എളിമ നിറഞ്ഞ ജീവിത മാതൃകയില്‍ ചക്രവര്‍ത്തിയായ ചാള്‍സ് അഞ്ചാമന്‍ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവര്‍ത്തിയുടെ തീരുമാനത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ജീവിത മാതൃകയുടെ സ്വാധീനമുണ്ടായിരുന്നു. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിതം നയിച്ച ഫ്രാന്‍സിസ് ബോര്‍ഗിയ തന്നെ തന്നെ 'ദരിദ്രനായ പാപി' എന്നാണ് വിളിച്ചിരുന്നത്.

സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലായി 31 കോളജുകളാണ് അദ്ദേഹം സ്ഥാപിച്ചത്. ഫ്‌ളോറിഡ, മെക്‌സിക്കോ, പെറു, ക്രീറ്റ് എന്നിവിടങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. റോമില്‍ വെച്ച് 1572 ഒക്ടോബര്‍ പത്തിന് ഫ്രാന്‍സിസ് ബോര്‍ഗിയ മരണമടഞ്ഞു. 1671 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ സര്‍ബോണിയൂസ്

2. ആഫ്രിക്കന്‍ ബിഷപ്പായിരുന്ന സെര്‍ബോണിയൂസ്

3. ജര്‍മ്മനിയിലെ കാസിയൂസും ഫ്‌ലോരെന്‍സിയൂസും

4. സെന്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ടെറിക്കൂസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26