കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ഇന്നുമുതല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം

കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ഇന്നുമുതല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള ഇന്ന് മുതൽ അപേക്ഷിക്കാം. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്.

കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്‌.സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്.

സര്‍ക്കാര്‍ പട്ടികയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (https://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

https://covid19.kerala.gov.in/deathinfo എന്ന വെബ്‌സൈറ്റില്‍ കയറി സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പട്ടികയില്‍ പേരില്ലെങ്കില്‍ അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കുക. ശേഷം തദ്ദേശ സ്ഥാപനം നല്‍കുന്ന മരണ രജിസ്‌ട്രേഷന്‍ കീ നമ്പറും മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം.

ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഫോണില്‍ സന്ദേശം വരും. ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാം. ഒരു മാസത്തിനകം തീരുമാനമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.