രാമപുരം: മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിന് സ്തുതിഗീതങ്ങൾ വലിയ പങ്കു വഹിക്കുന്നു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് രാമപുരം വാ. കുഞ്ഞച്ചന്റെ തീർഥാടന കേന്ദ്രത്തിന് വേണ്ടി നാല് ആൽബം സോങ്ങുകൾ പുറത്തിറക്കി. ഡ്രോപ്‌സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിലാണ് നാല് ആൽബങ്ങൾ പുറത്തിറക്കിയത്.

ഒക്ടോബർ 16ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാളും അത് കഴിഞ്ഞു വരുന്ന കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടും അനുബന്ധിച്ച് കൂടി പുറത്തിറക്കുന്ന ഗാനോപഹാരാമാണ് ഈ നാല് ആൽബങ്ങൾ.
ആദ്യം പുറത്തിറക്കിയ 'കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ' എന്ന ആൽബം സോങിന് ഫാ. സെബാസ്റ്റ്യൻ നടുത്തടം എഴുതിയ വരികളിൽ സിനോ ആന്റണിയാണ് ഈണം പകർന്നിരിക്കുന്നത്. ഓവിയാറ്റ്സ് അഗസ്റ്റിൻ, സഞ്ജയ് വി. ഐസൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് ആൽബം പ്രകാശനം ചെയ്തത്.
പ്രകാശന കർമ്മത്തിൽ രാമപുരം ഇടവക വികാരി റവ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോർജ്ജ് ഈറ്റക്കക്കുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടം, കൈക്കാരന്മാർ, സഹകാരികൾ, സംഗീത സംവിധായകൻ സിനോ ആന്റണി, ശില്പ രാജു, ഓവിയാറ്റ്സ് എന്നിവർ പങ്കെടുത്തു.
'ഗാനാലാപനത്തിലൂടെ മനുഷ്യൻ ദൈവത്തെ ഇരട്ടിയായി സ്തുതിക്കുന്നു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള ആദരവും സ്നേഹവും ഗാനങ്ങളിലൂടെ നിർവ്വഹിക്കുമ്പോൾ അതിന് ഒരു പുതിയ മാനം കൈവരുന്നുവെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രണ്ടാമതായി പുറത്തിറക്കിയ 'ദിവ്യ സാന്നിധ്യം' എന്ന ആൽബത്തിന് പാലാ രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് വരികൾ എഴുതിയത്. സിനോ ആന്റണി വരികൾക്ക് ഈണം പകർന്നു നൽകി. ജിൻസ് ഗോപിനാഥ് (ഐഡിയ സ്റ്റാർ സിംഗർ), ശില്പ രാജു എന്നിവർ ചേർന്നാണ് ആലപിച്ചത്.
വാ. കുഞ്ഞച്ചന്റെ മനോഹരമായ 'കീർത്തനം' ആണ് പിന്നീട് പുറത്തിറക്കിയത്. അതിന്റെ വരികളും സംഗീതവും നിർവഹിച്ചിരിക്കുന്നത് ദേശമംഗലം നാരായണൻ നമ്പൂതിരിപാടാണ്. രാമപുരത്തുകരാനായ ഫാ. സ്റ്റെഫിൻ തൈരംചിറയിൽ (O.Praem) ആണ് ഗാനം പാടിയിരിക്കുന്നത്.
ഫാ റോയി കണ്ണൻചിറ (സിഎംഐ) വരികൾ എഴുതിയ 'പാവങ്ങൾക്ക് കാവൽ' എന്ന വാ. കുഞ്ഞച്ചന്റെ നാലാമത്തെ ആൽബം സോങിന് സിനോ ആന്റണിയാണ് ഈണം പകർന്നത്. ഓവിയാറ്റ്സ് അഗസ്റ്റിനാണ് ആലപിച്ചിരിക്കുന്നത്. ഭാഗ്യസ്മരണാർഹനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ അതിമനോഹരമായ വരികളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ ആൽബം സോങ്ങുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.