കത്തോലിക്കാ കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമാകണം: മാര്‍ ജോസഫ് പാംപ്ലാനി

കത്തോലിക്കാ കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമാകണം: മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമാകണമെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെ ഇടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വലിയ സമൂഹം ഉണ്ട്. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. അതിനാല്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന് മാര്‍ ജോസഫ് പ്ലാനി എകെസിസി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ അന്ന ദാതാക്കളായ കര്‍ഷകര്‍ ഇന്ന് അവഗണനയുടെ പടുകുഴിയില്‍ ആണ്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളും നാണ്യവിളകളും ഉല്‍പാദിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ സ്ഥായിയായി നിലനിര്‍ത്തുന്ന കര്‍ഷക സമൂഹത്തിന്റെ വേദനകളും രോദനങ്ങളും കേള്‍ക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. കൂടാതെ നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കര്‍ഷകര്‍ക്ക് കൈമോശം വന്നുവെന്നും കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കുവാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവഗണന നേരിടുന്ന കര്‍ഷക സമൂഹത്തിന്റെ ശബ്ദമായി എന്നും കത്തോലിക്ക കോണ്‍ഗ്രസ് ഉണ്ടാകണമെന്നും അദ്ദേഹം എകെസിസി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വ സമ്മേളനം തളിപ്പറമ്പ് സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.

സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചകുന്നേല്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിനെ ഒരു സെമി കേഡര്‍ സിസ്റ്റമുള്ള സംഘടനയായി വളര്‍ത്തിയെടുക്കും എന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.

തലശേരി അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലും കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിച്ച് അവയ്ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൊറോന വികാരി ഫാദര്‍ അബ്രഹാം പോണാട്ട്, തളിപ്പറമ്പ് ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസ് മേഖല ഡയറക്ടര്‍ ഫാദര്‍ മാത്യു ആലങ്കോട്, തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെന്നി പുതിയ പുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത്, വൈസ് പ്രസിഡണ്ട് ജോര്‍ജ് വടകര, സിസിലി പുഷ്പ കുന്നേല്‍ സെക്രട്ടറിമാരായ സുരേഷ് ജോര്‍ജ്, അല്‍ഫോന്‍സ് കളപ്പുര, വര്‍ഗീസ് പള്ളിച്ചിറ, യൂത്ത് കോര്‍ഡിനേറ്റര്‍ സിജോ അമ്പാട്ട് വിവിധ ഫൊറോന പ്രസിഡന്റുമാരായ ബെന്നിച്ചന്‍ മഠത്തിനാല്‍, മാത്യു അള്ളാം കോട്, മൈക്കിള്‍ ചാണ്ടി കൊല്ലി, ജോര്‍ജ്ജ് വലിയ മുറത്താക്കല്‍, അഡ്വക്കേറ്റ് കെ ഡി മാര്‍ട്ടിന്‍, ടോമി കണയങ്കല്‍, സിബി ജാതികുളം, ഡോക്ടര്‍ സിറിയക്, ജോസ് മുണ്ടുപാലം, കിഷോര്‍ ചൂരനോലി എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.