കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ല; വാരാണസിയില്‍ വൻ റാലി സംഘടിപ്പിച്ച് പ്രിയങ്ക ഗാന്ധി

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ല; വാരാണസിയില്‍ വൻ റാലി സംഘടിപ്പിച്ച്  പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ലഖിംപൂര്‍ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭ മണ്ഡലമായ വാരാണസിയില്‍ സംഘടിപ്പിച്ച 'കിസാന്‍ ന്യായ്' റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഉന്നയിച്ചത്.



കോവിഡ് കാലത്ത് യുപി സര്‍ക്കാര്‍ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങള്‍ക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാന്‍ പാടില്ല. ജയിലില്‍ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

16,000 കോടി രൂപയ്ക്ക് വിദേശത്ത് നിന്ന് രണ്ട് വിമാനം വാങ്ങിയ നരേന്ദ്ര മോഡി വെറും 18000 കോടി രൂപയ്ക്ക് നാടിന്റെ എയര്‍ ഇന്ത്യ പണക്കാരായ സുഹൃത്തുക്കള്‍ക്ക് വിറ്റു. രാജ്യത്ത് രണ്ട് കൂട്ടര്‍ മാത്രമാണ് സുരക്ഷിതര്‍. അധികാരത്തിലുള്ള ബിജെപി നേതാക്കളും, അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ തങ്ങള്‍ക്ക് നീതിവേണമെന്നാണ് നിരന്തരം പറയുന്നത്. എന്നാല്‍ യോഗിയും മോഡിയും പ്രതിയായ ആശിഷ് മിശ്രയേയും പിതാവ് അജയ് മിശ്രയെയും സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.