അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 11
ഇറ്റലിയിലെ ബെര്‍ഗമോ രൂപതയില്‍പ്പെട്ട സോട്ടോയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ഗിയോവാനി ബാറ്റിസ്റ്റ റൊങ്കാളി - മറിയാനാ മോണ്‍സെല്ല ദമ്പതികളുടെ പതിനാല് മക്കളില്‍ നാലാമനായി 1881 നവംബര്‍ 25 നാണ് ഏയ്ഞ്ചലോ ഗ്യുസെപ്പെ റൊങ്കാളി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. അമ്മാവനായ സവേരിയോ ആയിരുന്നു ഏയ്ഞ്ചലോയുടെ തലതൊട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും.
ക്രിസ്തീയ കുടുംബാന്തരീക്ഷവും ഫാ. ഫ്രാന്‍സെസ്‌കോ റെബൂസിനിയുടെ കീഴിലെ ഭക്തിനിര്‍ഭരമായ ഇടവക ജീവിതവും വഴി ഏയ്ഞ്ചലോക്ക് അതിശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892 ല്‍ ഏയ്ഞ്ചലോ ബെര്‍ഗാമൊ സെമിനാരിയില്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകള്‍ എഴുതുന്ന പതിവ് വിശുദ്ധന്‍ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേര്‍ത്ത് 'ഒരു ആത്മാവിന്റെ കുറിപ്പുകള്‍' എന്ന ലേഖന രൂപത്തിലാക്കി പ്രസിദ്ധീകരിച്ചു.
1904 ല്‍ പുരോഹിതനായി. ഒന്നാം ലോകമഹാ യുദ്ധത്തില്‍ ''സ്ട്രെച്ചര്‍ ബോയി''യായി പങ്കെടുത്തു. 1921 ല്‍ വിശ്വാസത്തിന്റെ പ്രചരണത്തിനായുള്ള സൊസൈറ്റിയുടെ നാഷണല്‍ ഡയറക്ടറായി നിയമിതനായി. താമസിയാതെ അദ്ദേഹം ആര്‍ച്ചു ബിഷപ്പും ബര്‍ഗേറിയായുടെ പേപ്പല്‍ അംബാസിഡറുമായി. തുടര്‍ന്ന് ടര്‍ക്കിയിലും 1944 മുതല്‍ '53 വരെ ഫ്രാന്‍സിലും അംബാസിഡറായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാത്ത് ഓര്‍ത്തഡോക്സ് സഭയുടെ അനേകം നേതാക്കന്മാരെ കണ്ടുമുട്ടുകയും ഇരുസഭകളും തമ്മില്‍ ഐക്യപ്പെടാനുള്ള പ്രാഥമിക നീക്കങ്ങള്‍ നടത്തുകയും ചെയ്തു.
1935 ല്‍ കര്‍ദ്ദിനാളും വെനീസിന്റെ പാത്രിയാര്‍ക്കുമായി. 1939 ഫെബ്രുവരി 10ന് പീയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പ കാലം ചെയ്യുകയും 1939 മാര്‍ച്ച് രണ്ടിന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുകയും ചെയ്തു. 1958 ല്‍ പോപ്പ് പീയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തോടെ 78 വയസുള്ള ഏയ്‌ഞ്ചെലോ റൊങ്കാളി 1958 ഒക്ടോബര്‍ 28ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന നാമധേയം സ്വീകരിച്ച് പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചു വര്‍ഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനും ഊര്‍ജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവുകാരെയും രോഗികളെയും സന്ദര്‍ശിക്കുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹം ലോകത്തിന് നല്‍കി. തുറന്ന മനസും തെളിഞ്ഞ ചിന്തയും പ്രതിപക്ഷ ബഹുമാനവും വിനയവും കൊണ്ട് മറ്റുള്ളവരിലെ നന്മ പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ''അനുസരണയും സമാധാനവും'' എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശ വാക്യം.
'അമ്മയും അധ്യാപികയും' എന്ന തലക്കെട്ടില്‍ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ജോണ്‍ ഇരുപത്തിമൂന്നാമന്റെ ഇടയ ലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, റോമന്‍ സിനഡ് എന്നിവ വിളിച്ചു കൂട്ടിയ മാര്‍പ്പാപ്പ തിരുസഭാ ചട്ടങ്ങള്‍ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും ചെയ്തു. ക്രിസ്തുവില്‍ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുല്‍കുവാനുള്ള ഉത്കടമായ ആഗ്രഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം 1963 ജൂണ്‍ മൂന്നിന് അന്ത്യനിദ്ര പ്രാപിച്ചു.
രോഗിയായ ഒരു സ്ത്രീയെ സുഖപ്പെടുത്തുന്ന അത്ഭുതം കണ്ടെത്തിയത്തിനെ തുടര്‍ന്ന് 2000 സെപ്റ്റംബര്‍ മൂന്നിന് ജോണ്‍ പോള്‍ ഒന്‍പതാമന്‍ മാര്‍പ്പാപ്പയോടൊപ്പം ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയെ ''വാഴ്ത്തപ്പെട്ടവന്‍'' എന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മരണത്തിന്റെ അമ്പതാം വാര്‍ഷികം 2013 ജൂണ്‍ മൂന്നിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ആചരിച്ചു. 2014 ഏപ്രില്‍ 27 ദിവ്യ കാരുണ്യ ഞായറാഴ്ച, ജോണ്‍ ഇരുപതിമൂന്നാമന്‍ മാര്‍പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ച ദിനമായ ഒക്ടോബര്‍ പതിനൊന്ന് അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായി ആചരിക്കുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അന്‍സീലിയോ
2. പാരിഡു ബിഷപ്പായിരുന്ന അജില്‍ബെര്‍ട്ട്
3. കൊഴ്‌സിക്കയിലെ അലക്‌സാണ്ടര്‍ സാവുളി
4. അനസ്റ്റാസിയൂസ്, പ്ലാസിഡ്, ജെനേസിയൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26