ശ്രീരാമനേയും ശ്രീകൃഷ്ണനേയും ആദരിക്കാന്‍ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി

ശ്രീരാമനേയും ശ്രീകൃഷ്ണനേയും ആദരിക്കാന്‍ നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി

ന്യൂഡല്‍ഹി: രാമനെയും കൃഷ്ണനെയും ആദരിക്കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ്. രാമന്‍, കൃഷ്ണന്‍, രാമായണം, ഗീത ഇവയുടെ കര്‍ത്താക്കളായ മഹര്‍ഷി വാത്മീകി, വേദ വ്യാസന്‍ എന്നിവര്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന് അനിവാര്യ ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ക്ക് ദേശീയ തലത്തില്‍ ആദരം നല്‍കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നാണ് കോടതിയുടെ ആവശ്യം.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ നിരീക്ഷണത്തില്‍ രാജ്യത്തെ സ്‌കൂളുകളില്‍ ഈ വിഷയം നിര്‍ബന്ധിത പാഠ്യവിഷയം ആക്കണമെന്നാണ്. രാമനെയും ലക്ഷ്മണനെയും കുറിച്ച് ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ആകാശ് ജാദവിന് ജാമ്യം അനുവദിക്കവേയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ പ്രത്യേക പരാമര്‍ശം നടത്തിയത്.

കേസില്‍ പത്തു മാസത്തോളം ജയിലില്‍ കിടന്ന ഇയാളുടെ പേരിലുള്ള നിയമ നടപടികള്‍ ഉടനൊന്നും അവസാനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ മുഖസ്തുതിയും സ്വാര്‍ത്ഥതയും കൊണ്ട് ചരിത്രകാരന്‍മാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരുപാട് കളങ്കം ഏല്‍പ്പിച്ചിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നിലവിലെ പാഠ്യപദ്ധതി ഒട്ടും ശരിയല്ല. രാമനെയും കൃഷ്ണനെയും ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ആദരിച്ചു വരുന്നു.

അടുത്തയിടയായി സമുദായ നേതാക്കളെ, അതിപ്പോള്‍ ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, സിക്ക് തുടങ്ങി ഏത് വിഭാഗത്തില്‍പ്പെട്ട വലിയവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ കണ്ടു വരുന്നു. രാമനെയും കൃഷ്ണനെയും അപമാനിക്കുന്നത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തിയാണ്. അത് സമൂഹത്തിലെ സമാധാനവും സാഹോദര്യവും തകര്‍ക്കുക മാത്രമല്ല നിഷ്‌കളങ്കരായ ജനങ്ങള്‍ അതിന്റെ പ്രതികൂല ഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഭരണഘടന ഓരോരുത്തര്‍ക്കും ദൈവത്തില്‍ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഒരു നിരീശ്വര വാദിക്ക് ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അവര്‍ക്ക് ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ പൊതു ഇടങ്ങളില്‍ മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കാനോ പരാമര്‍ശങ്ങള്‍ നടത്താനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.