പുനഃസംഘടനയില്‍ അതൃപ്തി: വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ച് ബിജെപി നേതാക്കളുടെ പ്രതിഷേധം

പുനഃസംഘടനയില്‍ അതൃപ്തി: വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ച്  ബിജെപി നേതാക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയില്‍ തര്‍ക്കം രൂക്ഷം. നേതൃത്വ പുനഃസംഘടനയില്‍ അതൃപ്തിയാണ് ബിജെപിയില്‍ തര്‍ക്കങ്ങൾ രൂക്ഷമാകാൻ കാരണമായത്. പ്രതിഷേധത്തിന് പിന്നാലെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയി.

പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാർ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്. സംസ്ഥാന പുനസംഘടനയ്ക്ക് പിന്നാലെ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയതിനെച്ചൊല്ലിയാണ് ബി ജെ പിയില്‍ പ്രതിഷേധം ശക്തമായത്.

പി.ആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയരുകയും ചെയ്യ്തിരുന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി കെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും വി മുരളീധരന്‍- കെ. സുരേന്ദ്രന്‍ നീക്കമാണെന്നാണ് ആക്ഷേപം. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്ന് കഴിഞ്ഞദിവസം ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.