15 ല്‍ തിളങ്ങി ദുബായ് ആർ ടി എ

15 ല്‍ തിളങ്ങി ദുബായ് ആർ ടി എ

പൊതുഗതാഗത രംഗത്ത് വിജയകരമായ 15 വർഷങ്ങള്‍ പൂർത്തിയാക്കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നവംബർ ഒന്ന് ഞായറാഴ്ചയാണ് ആർ.ടി.എയുടെ പതിനഞ്ചാം വാർഷികം. പിന്നിട്ടു പോയ പതിനഞ്ചുവർഷങ്ങളില്‍ ദുബായുടെ പൊതു ഗതാഗത രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആ‍ർടിഎയ്ക്ക് സാധിച്ചിട്ടുണ്ട്. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി, യാത്രാക്കാരുടെ വിവിധങ്ങളായ ഗതാഗത ആവശ്യങ്ങള്‍ക്ക് ഏറെ കുറെ മികച്ച പിന്തുണനല്കാന്‍ ആ‍ർടിഎയ്ക്ക് സാധിച്ചിട്ടുണ്ട്.ദുബായ് മെട്രോ, ട്രാം, പുതിയ ബസ്‌സ്റ്റേഷനുകൾ, റോഡ് സമുദ്രഗതാഗത മേഖല എന്നിവയെല്ലാം വികസനത്തിന്‍റെ ട്രാക്കില്‍ തന്നെയായിരുന്നു ഇക്കഴിഞ്ഞ 15 വർഷക്കാലവും.സ്മാർട് സാങ്കേതിക വിദ്യകളും പുതിയ പുതിയ ആശങ്ങളും ആപ്പുകളുമെല്ലാം ദിവസേനയുളള ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാം എന്നുകൂടി ആർടിഎ കാണിച്ചുതന്നു.

അതോടൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനായി റോഡുകൾ, പാലങ്ങൾ, ഫ്ളൈ ഓവറുകൾ എന്നിവയുടെ നിർമാണവും ഇക്കാലയളവില്‍ പൂർത്തിയാക്കി. ദുബായ് ഭരണ നേതൃത്വം, ഇത്രയും കാലമുണ്ടായ വിജയത്തിന് നൽകിയ പിന്തുണ ആ‍ർടിഎയുടെ യാത്രയില്‍ നിർണായകമായെന്ന് ചെയർമാന്‍ മാത്തർ അൽ തായർ പറഞ്ഞു. 2016-ൽ അത് 8715 ലൈൻ-കിലോ മീറ്ററായിരുന്ന റോഡ് ശൃംഖലയുടെ ആകെ നീളം 2019 ല്‍ 18,000 ലൈന്‍ കിലോമീറ്ററായി ഉയർന്നു. 2006-ലെ 13 പാലങ്ങൾ, അണ്ടർപാസുകൾ എന്നത് 2019-ൽ 119-ലേക്ക് ഉയർന്നു. സൈക്ലിങ് ട്രാക്കുകളുടെ ആകെ നീളം 10 കിലോമീറ്ററിൽ നി 2019 ആയപ്പോഴേക്കും 425 കിലോമീറ്ററാക്കി മാറ്റി.11 വർഷം പൂർത്തിയാക്കിയ ദുബായ് മെട്രോ 1.6 ബില്യൻ യാത്രക്കാരാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കണക്കുകള്‍ തന്നെ സാക്ഷ്യം. ദുബായ് വാട്ടർ കനാലും വികസന കുതിപ്പിന് സൗന്ദര്യം നല്കി.

www.rta.ae വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷനുകൾ, കോൾ സെന്‍റർ, ഏഴ് കസ്റ്റമേഴ്‌സ് ഹാപ്പിനെസ് സെന്‍ററുകള്‍, സ്മാർട്ട് കിയോസ്കുകൾ വഴി പൊതുജനങ്ങൾക്കായി 317 സേവനങ്ങളാണ് ആർ.ടി.എ നൽകുന്നത്. ദുബായ് വിഷൻ-2021 ന്‍റെ ഭാഗമായി സൈക്ലിംഗ് ട്രാക്കുകള്‍ നിർമ്മാണ ജോലികള്‍ നടക്കുകയാണ്. ദുബായുടെ വിവിധയിടങ്ങളിൽ സൈക്ലിങ് ട്രാക്കുകൾ നിർമിച്ചു. ഇതുവരെ 425 കിലോമീറ്റർ ട്രാക്കുകൾ നിർമാണം പൂർത്തിയായി. 2025 ഓടെ ഇത് 688 കിലോമീറ്റർ വരെയാക്കാനാണ് ലക്ഷ്യം. യുഎഇയും ദുബായും കാത്തിരിക്കുന്ന എക്സ് പോ ട്വന്‍ടി ട്വന്‍ടി യ്ക്കായി ഒട്ടേറെ വികസന പദ്ധതികളും ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ജൂലായിലാണ് ഷെയ്ഖ് മുഹമ്മദ് റൂട്ട് 2020 തുറന്നത്.വിവിധ ബസ് റൂട്ടുകളും സേവനങ്ങളും ഒരുക്കത്തിന്‍റെ പാതയിലുമാണ്. 15 വർഷത്തെ യാത്രയില്‍ നിന്ന് ഊർജ്ജമുള്‍ക്കൊണ്ട് ദുബായ് ആർടിഎ മുന്നോട്ട് കുതിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.