ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാ വിധി മറ്റന്നാള്‍

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാ വിധി മറ്റന്നാള്‍

കൊല്ലം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി മറ്റന്നാളുണ്ടാകും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307, 328, 201 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി.

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ക്രൂരനായ ഭര്‍ത്താവ് സൂരജിന് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഒരു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുകയായിരുന്നു എന്നാണ് കേസ്.

ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് പ്രതി സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്.


ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രതി സൂരജിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ അന്തിമ വാദം നടത്തിയത്. ഉത്രയുടെ അതേ ഭാരമുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. പണം മാത്രമായിരുന്നു സൂരജിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഭിന്നശേഷിക്കാരിയായ ഉത്രയെ വിവാഹം കഴിച്ചതും ശേഷം ആസൂത്രിതമായി കൊലപ്പെടുത്തിയതുമെന്നാണ് കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കുന്നത്.

തുടക്കം മുതലേ തന്നെ നിരപരാധിയാണെന്നാണ് സൂരജ് വാദിച്ചിരുന്നതെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സമഹാരണത്തിലൂടെ ഈ വാദം പൊളിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൂരജ് മാത്രമാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും ഉത്രയ്ക്ക് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും ഉത്രയുടെ വീട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് നിഗമനം.

കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായത് എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ്. ഇതിന് മുന്‍പും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സൂരജ് പല തവണ ഇന്റര്‍നെറ്റില്‍ പാമ്പുകളെ കുറിച്ച് തിരഞ്ഞത് കേസിലെ നിര്‍ണായക തെളിവായി മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.