നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ആശുപത്രിയില്‍ നിന്നു കുണ്ടമന്‍ കടവിലെ വീട്ടിലേക്കു കൊണ്ടുപോയി. ശേഷം മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ഇന്ന് രാവിലെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിയൊരുക്കി. 1089ല്‍ പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 1981, 1987, 2004 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കൂടാതെ 1980, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.