വാര്‍ത്തകളില്‍ വീണ്ടും നിറയുന്ന രത്തന്‍ ടാറ്റ: രാജ്യം കണ്ട മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍

വാര്‍ത്തകളില്‍ വീണ്ടും നിറയുന്ന രത്തന്‍ ടാറ്റ: രാജ്യം കണ്ട മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍

നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്തതോടെ ടാറ്റാ ഗ്രൂപ്പും അതിന്റെ അമരക്കാരന്‍ രത്തന്‍ ടാറ്റയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൈമാറ്റ ശേഷം 'വെല്‍കം എയര്‍ ഇന്ത്യ' എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളും അതിനൊപ്പം പങ്കു വെച്ച പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതോടെ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തങ്ങള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്ന് ലേലത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. എയര്‍ ഇന്ത്യയെ വീണ്ടും ഉന്നത നിലവാരത്തില്‍ എത്തിക്കുന്നതിനൊപ്പം ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയില്‍ പുതിയ അവസരങ്ങളും തുറന്നു കിട്ടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ആരാണ് രത്തന്‍ ടാറ്റ?

ഇന്ത്യന്‍ ബിസിനസ് ലോകം കണ്ട കരുത്തനായ പ്രതിഭ എന്നതിനൊപ്പം ഒരു നല്ല മനുഷ്യ സ്‌നേഹി കൂടി ആയാണ് രത്തന്‍ നാവല്‍ ടാറ്റയെ ചരിത്രം രേഖപ്പെടുത്തുന്നത്. ബിസിനസ് രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം പാവങ്ങളെ സഹായിക്കുന്നതിനും വലിയ പങ്കു വഹിച്ച വ്യക്തി കൂടിയായിരുന്നു രത്തന്‍ ടാറ്റ.

വിദ്യാഭ്യാസം, വൈദ്യം, ഗ്രാമീണ വികസനം എന്നീ മേഖലകളിലെല്ലാം കനത്ത സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന്റെ സഹായഹസ്തങ്ങള്‍ എത്തിയിരുന്നു. ജല ലഭ്യത നേരിടുന്ന പ്രദേശങ്ങള്‍ക്ക് മെച്ചപ്പെട്ട വെള്ളം നല്‍കാന്‍ കപ്പാസിറ്റീവ് ഡിയോണൈസേഷന്‍ വികസിപ്പിക്കുന്നതിന്ന്യൂ സൗത്ത് വെയില്‍സ്എന്‍ജിനീയറിങ് ഫാക്കല്‍റ്റിയെ ടാറ്റ പിന്തുണച്ചു.

കൊവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ 1500 കോടി രൂപയാണ് രത്തന്‍ ടാറ്റ കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുളള വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍, രോഗികള്‍ക്കായുളള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നതിനായിരുന്നു ഈ ഫണ്ട്.

2019 ല്‍ ഗൂഗിളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരയപ്പെട്ട ബിസിനസുകാരുടെ പത്തംഗ പട്ടികയില്‍ ഒന്നാം സ്ഥാനംപിടിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. 1937 ഡിസംബര്‍ 28 മുംബൈയിലാണ് അദ്ദേഹത്തിന്റെ ജനനം.1962 അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആര്‍ക്കിട്ടെക്ചറില്‍ ബി.എസ്.സി ബിരുദം നേടി. ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നുത് 1962 ലായിരുന്നു.

അവിടെ നിന്ന് ആരംഭിക്കുന്ന ടാറ്റാ ഗ്രൂപ്പുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കരുത്തുറ്റതായിരുന്നു. 1971 നാഷണല്‍ റേഡിയോ ആന്‍ഡ് എലെക്ട്രോണിക്‌സ് കമ്പനിയുടെ (നെല്‍കൊ) ഡയറക്ടറായി. 1975ലാണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയത്. 1977 എമ്പ്രെസ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. 1981 ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി.

1991 ല്‍ ജെ.ആര്‍.ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 2012 ഡിസംബറില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രത്തന്‍ നാവല്‍ ടാറ്റാ പടിയിറങ്ങി. 21 വര്‍ഷമായി ടാറ്റാ ഗ്രൂപ്പിന്റെ ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. 2012 ല്‍ വിരമിച്ചതിനുശേഷവും ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായും ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായും രത്തന്‍ ടാറ്റ ബിസിനസ് രംഗത്ത് സജീവമായി തുടരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ട് സിവിലിയന്‍ അവാര്‍ഡുകളായ പത്മ ഭൂഷണ്‍, പത്മ വിഭൂഷന്‍ എന്നിവ കൂടാതെ മറ്റു നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


പൂര്‍ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച ആദ്യത്തെ കാറുകളായ ഇന്‍ഡിക്കയും നാനോയും ടാറ്റാ മോടോഴ്‌സ് പുറത്തിറക്കിയത് രത്തന്‍ ടാറ്റയുടെ കാലത്താണ്. നാനോയ്ക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശ കമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായ സാമ്രാജ്യം ആഗോള വ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു.

രത്തന്‍ ടാറ്റയ്ക്ക് ഭാരതരത്ന നല്‍കണം എന്നാവശ്യപ്പെട്ടുളള സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹമിട്ട പോസ്റ്റ് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നതായും രാഷ്ട്രപുരോഗതിക്കായി ഇനിയും യത്നിക്കുമെന്നുമായിരുന്നു രത്തന്‍ ടാറ്റയുടെ പ്രതികരണം.

'സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുരസ്‌കാരവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തിയവരുടെ വികാരത്തെ മാനിക്കുന്നു. എന്നാല്‍ ഇത്തരമൊരു പ്രചാരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യക്കാരനായി എന്നതു ഭാഗ്യമായി കാണുന്നയാളാണ് ഞാന്‍. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്' - ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.