സഭയുടെ ശക്തി സമുദായത്തിന്റെ പിന്‍ബലം: മാര്‍ ജോസ് പുളിക്കല്‍

സഭയുടെ ശക്തി സമുദായത്തിന്റെ പിന്‍ബലം: മാര്‍ ജോസ് പുളിക്കല്‍

കോട്ടയം: സഭയുടെ ശക്തി എന്നത് സമുദായത്തിന്റെ പിന്‍ബലമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സഭയെ സ്വന്തമായി കാണുമ്പോള്‍ എല്ലാവരും സഹോദരന്മാരായി മാറുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

ക്രൈസ്തവ സംഭാവനകള്‍ സമുദായത്തിനുവേണ്ടി മാത്രമല്ല പൊതു സമുഹത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടിയുള്ളതാണ്. പക്ഷെ കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ സംഭാവനകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുന്നു. എല്ലാവരേയും ചേര്‍ത്തു പിടിക്കുന്ന പൊതു വേദിയാണ് സഭയെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമാകുവാന്‍ സഭാ മക്കള്‍ക്ക് ആകണമെന്നും മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

2023ല്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിനെക്കുറിച്ചുള്ള പഠനരേഖയുടെ വിശദാംശങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ള മറ്റം അവതരിപ്പിച്ചു. പ്രാഥമിക ഘട്ടത്തില്‍ വിവിധ ഇടവകകളിലും സമിതികളിലും സിനഡിന്റെ മുഖ്യ പ്രമേയം-കൂട്ടായ്മയിലും പങ്കാളിത്തത്തിലും പ്രേഷിത ദൗത്യത്തിലും ഒന്നു ചേര്‍ന്ന് മുന്നേറുന്ന സഭ വിചിന്തന വിഷയമാക്കുകയാണ്. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രസ്തുത വിഷയം അവതരിപ്പിക്കപ്പെടുകയും അംഗങ്ങള്‍ പങ്കുവെച്ച ചിന്തകള്‍ ക്രോഡീകരിക്കുകയും ചെയ്തു.

സിഞ്ചെല്ലൂസും ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശേരി ആമുഖ പ്രഭാഷണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ പ്രൊഫ. ബിനോ പി. ജോസ് പെരുന്തോട്ടം വിഷയാവതരണം നടത്തി.

ചര്‍ച്ചകള്‍ക്ക് സിഞ്ചെല്ലൂസ് ഫാദര്‍ ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായി. ജോര്‍ജ്കുട്ടി ആഗസ്തി, പി.എസ് വര്‍ഗീസ് പുതുപ്പറമ്പില്‍, വി. ജെ തോമസ് വെള്ളാപ്പള്ളി, ജോമോന്‍ പൊടിപാറ, തോമസ് ആലഞ്ചേരി, ബിനോ വര്‍ഗീസ്, ഡോ. ജൂബി മാത്യു, ആന്റണി ആലഞ്ചേരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.