കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ രണ്ട് മരണവും വ്യാപക നാശ നഷ്ടവും. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.
ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ഏഴുമാസം മാത്രം പ്രായമുള്ള റിന്‍സാന, എട്ട് വയസുള്ള റിസ്വാന എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നു വെന്നാണ് വിവരം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തിയതി വരെയാണ് നിരോധനം. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ യാത്ര അനുവദിക്കില്ല. ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിലായി. കനത്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലായത്. പാവുക്കര വൈദ്യന്‍ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ പല വീടുകളും വെള്ളത്തിലാണ്. ഇനിയും മഴ തുടര്‍ന്നാല്‍ വീടു വിട്ട് പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
മൂര്‍ത്തിട്ട മുക്കാത്താരി റോഡില്‍ കൊച്ചുവീട്ടില്‍ പടിയില്‍ വെള്ളം കയറി യാത്ര ബുദ്ധിമുട്ടിലായി. ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. പുഞ്ച കൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പെയ്തിറങ്ങുന്ന മഴവെളളം ഒഴുകി പോകാന്‍ സാഹചര്യം ഇല്ലാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി.
കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കന്‍ വെള്ളം കര്‍ഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുകയാണ്. ഇലമ്പനം തോട് പായലുകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്. പായലുകള്‍ നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴ തടസമായി.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.