ന്യൂഡല്‍ഹി: വൈദ്യുതി പ്രതിസന്ധി രാജ്യത്ത് മാറ്റമില്ലാതെ തുടരുന്നു. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നാണ് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഊര്‍ജ-കല്‍ക്കരി മന്ത്രിമാരുടെ യോഗം ഇന്നലെ വിളിച്ചിരുന്നു.
പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്. പഞ്ചാബിനു പുറമെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലോഡ്ഷെഡിങ് അനിവാര്യമായി വരുമെന്നാണ് സൂചന. കല്‍ക്കരിക്ഷാമം ഇല്ലെന്ന് കേന്ദ്രം വാദിക്കുമ്പോഴും 135 താപ നിലയത്തില്‍ 80 ശതമാനവും കല്‍ക്കരി ക്ഷാമം നേരിടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്ഷെഡിങ് തുടരുന്നു. തമിഴ്നാട്ടില്‍ ചെന്നൈയില്‍ അടക്കം വൈദ്യുതി മുടങ്ങി. ആന്ധ്രയില്‍ അപ്രഖ്യാപിത പവര്‍കട്ടും തുടങ്ങി. പവര്‍കട്ടിലേക്ക് നീങ്ങുകയാണെന്ന് തെലങ്കാനയും അറിയിച്ചു. ജാര്‍ഖണ്ഡില്‍ 24 ശതമാനം വരെ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ് ക്ഷാമം.
കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയില്‍ 13 താപനിലയം അടച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് താപനിലയങ്ങള്‍ അടച്ചു. 5620 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുടെ സ്ഥാനത്ത് 2800 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദനം.
പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കു പുറമെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും കല്‍ക്കരി ലഭ്യത വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൂന്നു മാസത്തിലൊരിക്കല്‍ കൃത്യമായ ഊര്‍ജ അക്കൗണ്ടിങ് നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ വൈദ്യുതിവിതരണ കമ്പനികളോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആസൂത്രണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്ന വിമര്‍ശം ശക്തമായതോടെയാണ് നിര്‍ദേശം. കഴിഞ്ഞ മാസം മുതല്‍ കല്‍ക്കരിക്ഷാമം അനുഭവപ്പെട്ടെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രം ജാഗ്രത കാട്ടിയില്ല എന്നും ആക്ഷേപമുണ്ട്. അറുപത് ദിവസത്തിനകം ആദ്യ ഊര്‍ജ അക്കൗണ്ടിങ് പൂര്‍ത്തീകരിക്കണമെന്നാണ് വൈദ്യുതിവിതരണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.