തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായും നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയാണ് യാത്രാ നിരോധനം. അടിയന്തര സാഹചര്യം നേരിടാന്‍ എന്‍.ഡി.ആര്‍.എഫിന്റെ ആറ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകള്‍ക്കും കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എന്‍ഡിആര്‍എഫ് ടീമുകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.
ഏത് വിധത്തിലുള്ള അപകടങ്ങളെയും നേരിടാന്‍ സജ്ജമായ തരത്തില്‍ വിവിധ വകുപ്പുകളും ദുരന്ത നിവാരണ ഏജന്‍സികളും തമ്മില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാര്‍പ്പിച്ചു. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
അപകടസാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശവും വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി യോഗത്തിന് ശേഷം പറഞ്ഞു.
ചാലക്കുടി പുഴയില്‍ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകള്‍ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെരിയാറില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ അഞ്ച് സെന്റീ മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുര്‍മ്മാലി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്ത നിവാരണ സംഘങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:
ഒക്ടോബര്‍ 13: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,
ഒക്ടോബര്‍ 14: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍:
ഒക്ടോബര്‍ 13: ആലപ്പുഴ, കോട്ടയം.
ഒക്ടോബര്‍ 14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്.
ഒക്ടോബര്‍ 15: കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്.
ഒക്ടോബര്‍ 16: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.