അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 13
എ.ഡി 1003 ല്‍ രാജകുടുംബത്തില്‍പ്പെട്ട ഏര്‍ഥേലിന്റെയും എമ്മയുടെയും മകനായി ഇംഗ്ലണ്ടിലെ ഓസ്ഫോര്‍ഡ്ഷറിലാണ് എഡ്വേര്‍ഡ് ജനിച്ചത്. ആംഗ്ലോ-സാക്‌സണ്‍ വംശജരുടെ അവസാനത്തെ രാജാവായിരുന്നു എഡ്വേര്‍ഡ് രാജാവ്. 1042 മുതല്‍ 1066 ല്‍ തന്റെ മരണം വരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഇംഗ്ലണ്ട്.
രക്തസാക്ഷിത്വം വരിച്ച എഡ്വേര്‍ഡ് രാജാവിന്റെ പേരക്കുട്ടിയായ എഡ്വേര്‍ഡ്, തന്റെ ചെറുപ്പകാലം മുഴുവനും ഒരു നോര്‍മന്‍ നേതാവായ തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപം ചെയ്യാന്‍ ഏറെ സാഹചര്യങ്ങള്‍ നിറഞ്ഞ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അമ്മാവന്റെ മരണശേഷം 1042 ല്‍ ഇംഗ്ലണ്ടിന്റെ സിംഹാസനത്തില്‍ അദ്ദേഹം അവരോധിതനായി.
ക്രിസ്തീയ തത്വങ്ങളും വിശ്വാസ രീതികളും അടിസ്ഥാനമാക്കിയുള്ള ഒരു ഭരണ സംവിധാനം അദ്ദേഹം പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതുകൊണ്ട് തന്നെ എഡ്വേര്‍ഡ് രാജാവിന്റെ ഭരണം ഇംഗ്ലണ്ടിലെ രാജകീയ അധികാരത്തിന്റെ വിഘടനത്തിലേക്കും മറ്റ് നാട്ടുരാജാക്കന്മാരുടെ അധികാര മുന്നേറ്റങ്ങളിലേയ്ക്കും നയിച്ചതായി ചരിത്ര രേഖകള്‍ തെളിയിക്കുന്നു.
നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിശ്വാസ തീക്ഷ്ണത ജനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി ധാരാളം പള്ളികള്‍ പണിയുകയും സന്യസ്ഥരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതോടൊപ്പം മറ്റ് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും എഡ്വേര്‍ഡ് രാജാവ് നിര്‍ബന്ധിതനായി.
സഭയുടെ നിയമനങ്ങളില്‍ അദ്ദേഹം ഇടപെട്ടു. 1051 ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ചു ബിഷപ്പായി ലണ്ടനിലെ ബിഷപ്പ് റോബര്‍ട്ടിനെ നിയമിക്കുകയും അദ്ദേഹത്തിന് പകരമായി ലണ്ടനിലെ ബിഷപ്പായി സ്പിയര്‍ഹാ ഫോക്കിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കടുത്ത വിമര്‍ശനങ്ങളെ അതിജീവിച്ച് ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ സഭ വളരാന്‍ നിര്‍ണായകമായി.
മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ വിശുദ്ധ ജോണ്‍ ആയിരുന്നു എഡ്വേര്‍ഡിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധന്‍. തന്റെ അടുത്ത് സഹായത്തിനായി വരുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല.
1056 ല്‍ ഡീര്‍ഹസിലെ ജന്മി മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അവകാശികളില്ലാത്ത സ്വത്തും ഭൂമിയുമെല്ലാം മറ്റുള്ളവര്‍ തട്ടിയെടുക്കാതെയിരിക്കാന്‍ എഡ്വേര്‍ഡ് രാജാവ് അവ പിടിച്ചെടുക്കുകയും പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കുകയും ചെയ്തു.
ഒരു ദിവസം രാജാവിന്റെ പ്രിയപ്പെട്ട അനുയായി ഒരു ഭിക്ഷക്കാരന്റെ രൂപത്തില്‍ ഭിക്ഷ യാചിച്ചെത്തി. ഈ സമയം അദ്ദേഹത്തിന്റെ പക്കല്‍ പണമൊന്നും ഇല്ലാത്തതിനാല്‍ കൈവിരലിലെ മോതിരം ഭിക്ഷയായി കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ വിശുദ്ധ ജോണ്‍ പ്രത്യക്ഷപ്പെടുകയും മോതിരം തിരിച്ചു കൊടുത്തുകൊണ്ട് തന്റെ മരണം അടുത്തതായി അറിയിക്കുകയും ചെയ്തു.
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉടന്‍ തന്നെ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെ മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ദിവസമായ 1066 ജനുവരി അഞ്ചിന് എഡ്വേര്‍ഡ് രാജാവ് കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.
അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പ്പാപ്പ 1161 ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1350 ല്‍ എഡ്വേര്‍ഡ് മൂന്നാമന്‍ രാജാവ് 'സെയ്ന്റ് ജോര്‍ജിനെ' ഇംഗ്ലണ്ടിന്റെ ഏക ദേശീയ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് വരെ ഇംഗ്ലണ്ടിന്റെ ദേശീയ വിശുദ്ധരില്‍ ഒരാളായിരുന്നു വിശുദ്ധ എഡ്വേര്‍ഡ് രാജാവ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കാര്‍പൂസ്
2. സ്റ്റോക്കെറാവിലെ കോള്‍മന്‍
3. ഇറ്റലിയിലെ കേലിഡോണിയ
4. ഐറിഷ് രാജകുമാരനായ കോംഗാന്‍
5. ആരാസ് ബിഷപ്പായിരുന്ന ബെര്‍ത്തോവാള്‍ഡ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.