കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

 കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു.

തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതി പറഞ്ഞതോടെ പട്ടിക തയ്യാറാക്കുന്നത് വീണ്ടും അനിശ്ചിതത്വത്തില്‍ ആകുകയായിരുന്നു. എം പി വിന്‍സെന്റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവരെ പട്ടികയിലുള്‍പ്പെടുത്തുന്നതില്‍ തര്‍ക്കം മുറുകുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറച്ച നിലപാടും സ്വീകരിച്ചു. രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്.

അതേസമയം കെപിസിസി പുനസംഘടനയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. പുനസംഘടനയില്‍ പൂര്‍ണമായും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവര്‍ നല്‍കുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നല്‍കുക എന്നത് മാത്രമാണ് തന്റെ ചുമതലയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാം തന്റെ തലയില്‍ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.