തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്. പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പില്‍ നടക്കും.
തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രിമന്ത്രി കെഎന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
ഗുരുതരമായി പരിക്കേറ്റ സൈനികരെ ചികിത്സാ കേന്ദ്രത്തിലെത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ നിന്നും കശ്മീരില്‍ എത്തിയിട്ട് ഏഴുമാസമെ ആയിട്ടുള്ളു. രണ്ടു മാസം മുമ്പാണ് അവധിക്ക് വീട്ടില്‍ വന്നത്. ശില്‍പ സഹോദരിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.