സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് 1911ല്‍; ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന് എത്തിയത് 1915ല്‍: രാജ്നാഥിനെതിരേ പ്രതിപക്ഷം

സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് 1911ല്‍; ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന് എത്തിയത് 1915ല്‍: രാജ്നാഥിനെതിരേ പ്രതിപക്ഷം

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിലേക്ക്. വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം ആയിരുന്നുവെന്നാണ്‌രാജ്നാഥ് സിങ് പറഞ്ഞത്. ആര്‍.എസ്.എസും ബി.ജെ.പിയും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും രംഗത്തെത്തി.

ചരിത്രത്തിന്റെ അപഹാസ്യമായ തിരുത്തിയെഴുത്താണ് നടത്തുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ചരിത്രം വളച്ചൊടിക്കുന്ന ആര്‍.എസ്.എസിന്റെ സ്വഭാവത്തില്‍ നിന്ന് പ്രതിരോധമന്ത്രിയും മുക്തനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇങ്ങനെപോയാല്‍ സവര്‍ക്കറെ ബി.ജെ.പി ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ സവര്‍ക്കറെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വിവാദ പരാമര്‍ശം. ആന്റമാനിലെ ജയിലില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരേ ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചത്.

ആര്‍.എസ്.എസ്. ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാരുമായി അവര്‍ പലപ്പോഴും സഹകരണത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കര്‍ ദയാഹര്‍ജി നല്‍കിയത് 1911, 1913 വര്‍ഷങ്ങളിലും ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പ്രവേശിച്ചത് 1915-ലുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

1920 ജനുവരി 25-ന് ഗാന്ധിജി എഴുതിയ കത്തിനെ വളച്ചൊടിക്കുകയാണ് രാജ്നാഥ് സിങ് ചെയ്തിരിക്കുന്നതെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. സവര്‍ക്കറുടെ സഹോദരന് ഗാന്ധിജി എഴുതിയ കത്തിന്റെ പകര്‍പ്പും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

പ്രതിരോധമന്ത്രിയുടെ പ്രസംഗം എഴുതുന്നയാളെ പിരിച്ചുവിടണമെന്ന് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. 1911-ലാണ് സവര്‍ക്കര്‍ ആദ്യത്തെ മാപ്പപേക്ഷ ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 1913-14ല്‍ രണ്ടാമത്തെ കത്തെഴുതി. ഇക്കാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.