പത്ത് രൂപയുടെ ഊണ് വന്‍ ഹിറ്റ്; കൊച്ചി കോര്‍പ്പറേഷനിൽ അഞ്ച് ദിവസത്തില്‍ എത്തിയത് പതിനായിരത്തിലേറെ പേര്‍

പത്ത് രൂപയുടെ ഊണ് വന്‍ ഹിറ്റ്; കൊച്ചി കോര്‍പ്പറേഷനിൽ അഞ്ച് ദിവസത്തില്‍ എത്തിയത് പതിനായിരത്തിലേറെ പേര്‍

കൊച്ചി: കൊച്ചി  കോര്‍പ്പറേഷന്റെ പത്ത് രൂപയുടെ ഊണ് വന്‍ വിജയം. അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ആളുകളാണ് ഭക്ഷണം കഴിക്കാന്‍ സമൃദ്ധി കൊച്ചിയിലെത്തിയതെന്ന് മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. പദ്ധതി ആരംഭത്തിലെ തന്നെ വന്‍ വിജയമാണെന്നും ജനങ്ങൾ നല്ല രീതിയിൽ ഇതിനോട് പ്രതികരിക്കുന്നുണ്ടെന്നു മേയർ കൂട്ടിച്ചേർത്തു.

ഊണുകഴിക്കാനെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നതിനാല്‍ പൊതുജനങ്ങളുടെ സഹായം സ്വീകരിക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുപത് രൂപയിലധികം ചിലവുള്ള ഊണാണ് പത്തുരൂപക്ക് നല‍്കുന്നതെന്നും ഇതിനെല്ലാം കോര്‍പറേഷന്‍ ഫണ്ടാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിമര്‍ശനം മേയര്‍ തള്ളി.

പൊതുജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഇതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടും നഗരസഭ തുടങ്ങി.

ഹോട്ടലില്‍ നിന്നും പാര്‍സല്‍ നല്‍കുന്നത് നഗരസഭ പരിമിതപ്പെടുത്തി. കരാര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി കോണ്‍ട്രാക്ടര്‍മാര്‍ ദിവസവും നൂറിലധികം ഊണുകള്‍ വാങ്ങികൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണിത്.

അതേസമയം പ്രഭാതഭക്ഷണം ഉടന്‍ തുടങ്ങില്ലെന്നാണ് മേയര്‍ പറയുന്നത്. ഉച്ചഭക്ഷണ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച ശേഷമായിരിക്കും പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.