അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചു; ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

 അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചു; ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി:ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. ധന്യനായ അദ്ദേഹത്തിന്റെ മാധ്യസ്ഥത്താല്‍ സംഭവിച്ച അത്ഭുത രോഗശാന്തിക്കു സ്ഥിരീകരണമായി. ഇതു സംബന്ധിച്ച് നാമകരണ തിരുസംഘം സമര്‍പ്പിച്ച ഡിക്രി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. വാഴ്ത്തപ്പെട്ട പദവി സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മുന്‍ഗാമിയായി 33 ദിവസം മാത്രം തിരുസഭയെ നയിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ 'പുഞ്ചിരിക്കുന്ന പാപ്പ' എന്നാണ് അറിയപ്പെട്ടിരുന്നത്. പോള്‍ ആറാമന്‍ പാപ്പയുടെ പിന്‍ഗാമിയായാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ സഭയെ നയിച്ചത്. 1978 ആഗസ്റ്റ് 26നായിരുന്നു 65 വയസുകാരനായ അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 28 നു ദിവംഗതനായി.

2003 ല്‍ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ജോണ്‍ പോള്‍ ഒന്നാമനെ 2017ല്‍ ഫ്രാന്‍സിസ് പാപ്പയാണ് ധന്യരുടെ നിരയിലേക്ക് ഉയര്‍ത്തിയത്.ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയിലെ ബ്യുനേസ് ഐറിസിലാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുത രോഗസൗഖ്യം റിപ്പോര്‍ട്ട് ചെയ്തത്.തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന രോഗാവസ്ഥയായ'എന്‍സെഫലോപ്പതി'യില്‍നിന്ന് 2011 ല്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ച സൗഖ്യമാണ് സംഭവം.

വടക്കന്‍ ഇറ്റലിയിലെ ബെല്ലൂനോ പ്രൊവിന്‍സില്‍ ജിയോവാന്നി ലൂസിയാനി- ബര്‍ട്ടോള ടാന്‍കോന്‍ ദമ്പതികളുടെ മകനായി 1912 ഒക്ടോബര്‍ 11 നായിരുന്നു ജോണ്‍ പോള്‍ ഒന്നാമന്റെ ജനനം. ജ്ഞാനസ്നാന നാമം അല്‍ബിനോ ലൂസിയാനി. 1935ല്‍ ബെല്യൂനോ രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. രൂപതയുടെ സെമിനാരി റെക്ടറായി സേവനം ചെയ്യവേ 1958 ല്‍ ജോണ്‍ 23-ാമന്‍ പാപ്പ ഇദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. 1968 ല്‍ വെനീസിലെ പാത്രിയര്‍ക്കീസായും 1973ല്‍ കര്‍ദിനാളായും ഉയര്‍ത്തി.

ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയോടൊപ്പം മൂന്നു പേരെ കൂടി വാഴ്ത്തപ്പെട്ടവരായും നാലു പേരെ ധന്യരായും പ്രഖ്യാപിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയോടനുബന്ധിച്ച്, വിശുദ്ധിയുടെ പടികളില്‍ മുന്നോട്ട് പോകുന്ന ഇവരുടെ പേരുകള്‍ അടങ്ങുന്ന പുതിയ ഡിക്രി പുറത്തിറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി.

ദൈവികദൂതിന്റെ കൊച്ചുസഹോദരിമാര്‍ എന്ന സഭാസ്ഥാപകയായ സിസ്റ്റര്‍ മരിയ ബെരെനീചെ ദുക്വെ ഹെങ്കര്‍ ആയിരിക്കും വാഴ്ത്തപ്പെട്ട പദവിയിലേക്കുയരുന്ന ഒരാള്‍.1898 ഓഗസ്റ്റ് 14-ന് കൊളമ്പിയയിലെ സലമീന എന്ന സ്ഥലത്ത് ജനിച്ച്, 1993 ജൂലൈ 25-ന് കൊളമ്പിയയില്‍ മരണമടഞ്ഞ സിസ്റ്റര്‍ മരിയയുടെ മാധ്യസ്ഥത്താല്‍ നടന്ന അത്ഭുതങ്ങള്‍ നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു.

1983 ഒക്ടോബര്‍ 27-ന് അര്‍ജന്റീനയിലെ വായ്യെ ദെല്‍ സ്സെന്തയില്‍ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയെത്രോ ഓര്‍ത്തിസ് ദെ സ്സാരത്തെ എന്ന രൂപതാവൈദികനും ജ്യോവാന്നി അന്തോണിയോ സൊളിനാസ് എന്ന ഈശോ സഭാ വൈദികനും ആണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നതിനുള്ള പട്ടികയിലെ മറ്റ് രണ്ടു പേര്‍.

സ്‌പെയിനിലെ ഫാ. ദിയേഗോ ഹെര്‍ണാണ്ടെസ് ഗൊണ്‍സാലെസ് , ഇറ്റലിയിലെ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ജ്യുസെപ്പെ സ്പൊളെത്തീനി (റോക്കോ ജ്യോക്കോന്തോ പാസ്‌ക്വാലെ), ഫ്രാന്‍സിലെ യേശുവിന്റെ കൊച്ചുസഹോദരിമാരുടെ കൂട്ടായ്മയുടെ സ്ഥാപക സിസ്റ്റര്‍ മദ്ദലേന ദി ജേസു ,ഇറ്റലിയിലെ ലെവ്ക്കായില്‍ പരിശുദ്ധ മറിയത്തിന്റെ പുത്രിമാര്‍ എന്ന സഭ സ്ഥാപിച്ച സിസ്റ്റര്‍ എലിസബെത്ത മര്‍ത്തീനെസ് എന്നിവരെയാണ് ധന്യപദവിയിലേക്ക്് ഉയര്‍ത്തുന്നത്.
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.