ധര്‍ബന്ധോര(ഗോവ): ഭീകരര്‍ക്ക് ധനസഹായവും പിന്തുണയും നല്‍കുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടര്‍ന്നാല്‍ പാക്കിസ്ഥാനെതിരെ ഇനിയും സര്‍ജിക്കല്‍ സ്ട്രൈക്കിനു മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ സിവിലിയന്മാരെ കൊല്ലുന്നതിനും തീവ്രവാദം സ്പോണ്‍സര്‍ ചെയ്യുന്നതിനും സഹായങ്ങള്‍ ചെയ്യുന്നതു നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ കടുത്ത നടപടിയിലേയ്ക്കു കടക്കുമെന്നും അമിത് ഷാ മുന്നറിയിപ്പു നല്‍കി. അതിക്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തും. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇനിയിപ്പോള്‍ തിരിച്ചടിക്കാനുള്ള സമയമാണന്ന് അമിത് ഷാ പറഞ്ഞു.
ഗോവയിലെ ധര്‍ബന്ധോരയില്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെയും നേതൃത്വത്തില്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു സുപ്രധാന നടപടിയായിരുന്നു. ഇന്ത്യയുടെ അതിര്‍ത്തികളില്‍ ശല്യമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2016 സെപ്റ്റംബറില്‍ ഇന്ത്യയിലെ ഉറി, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തി ബലാക്കോട്ടിലെ ഒട്ടേറെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തിരുന്നു. ഉറി ആക്രമണത്തിന് 11 ദിവസങ്ങള്‍ക്ക് ശേഷം 2016 സെപ്റ്റംബര്‍ 29 നാണ് പ്രത്യാക്രമണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.