തോക്കെടുത്തു കളിച്ച രണ്ട് വയസുകാരന്റെ വെടിയേറ്റ് ഫ്ളോറിഡയില്‍ അമ്മ മരിച്ചു ; അച്ഛന്‍ അറസ്റ്റില്‍

തോക്കെടുത്തു കളിച്ച രണ്ട് വയസുകാരന്റെ വെടിയേറ്റ് ഫ്ളോറിഡയില്‍ അമ്മ മരിച്ചു ; അച്ഛന്‍ അറസ്റ്റില്‍


വാഷിങ്ടണ്‍: സൂം മീറ്റിങ്ങിലായിരുന്ന അമ്മയുടെ തലയ്ക്ക് നേരെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് രണ്ട് വയസുകാരന്‍. അമ്മ തല്‍ക്ഷണം മരിച്ചു. കുട്ടിക്ക് എളുപ്പത്തില്‍ കിട്ടുന്ന സ്ഥലത്ത് അശ്രദ്ധമായി നിറ തോക്കു ബാഗിലിട്ടതിന് കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം.

വിയോണ്ടര്‍ അവേരിയെന്ന 22കാരനാണ് അറസ്റ്റിലായ പിതാവ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ആയുധം കൃത്യമായി സൂക്ഷിക്കാതിരുന്നതിനുമാണ് അവേരിക്കെതിരെ കേസെടുത്തത്. കുട്ടികളുടെ സീരിയലിന്റെ ചിത്രം പതിച്ച ബാഗിലാണ് അവേരി തോക്ക് സൂക്ഷിച്ചിരുന്നത്. ബാഗെടുത്ത കുട്ടി തോക്ക് കാണുകയും അതുപയോഗിച്ച് കളിക്കുകയും ചെയ്തു.

ഇതിനിടെയാണ് സമീപത്ത് ജോലിയുടെ ഭാഗമായി സൂം മീറ്റിങ് നടത്തുകയായിരുന്ന 21 കാരിയായ അമ്മ ഷമായ ലൈനു വെടിയേറ്റത്. സൂം മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന സുഹൃത്ത് ഇത് കാണുകയും അടിയന്തിര നമ്പരിലേക്ക് വിളിച്ച് പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവ സമയത്ത് കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല.

കുട്ടികള്‍ അബദ്ധത്തില്‍ വെടിയുതിര്‍ക്കുന്ന സംഭവം യു.എസില്‍ ഇതാദ്യമല്ല. ടെക്സാസില്‍ ബാഗിനുള്ളില്‍ നിന്ന് കിട്ടിയ തോക്കെടുത്ത് കളിച്ച രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ സ്വയം വെടിവെച്ച് മരിച്ച സംഭവമുണ്ടായത് സെപ്റ്റംബര്‍ അവസാനമാണ്. ഇക്കൊല്ലം 114 മരണങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മുതലുള്ള കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വെടിയുതിര്‍ത്ത് 879 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.