'സൂര്യേ... നീയൂം മറ്റൊരു ജസ്‌നയോ'?... മകള്‍ കാണാമറയത്തായിട്ട് ഒന്നര മാസം: കണ്ണീരോടെ കുടുംബം; ഇരുട്ടില്‍ തപ്പി പൊലീസ്

'സൂര്യേ... നീയൂം മറ്റൊരു ജസ്‌നയോ'?...  മകള്‍ കാണാമറയത്തായിട്ട് ഒന്നര മാസം: കണ്ണീരോടെ കുടുംബം;  ഇരുട്ടില്‍ തപ്പി പൊലീസ്


കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന് സമാനമായി പാലക്കാട് ആലത്തൂരില്‍ നിന്ന് സൂര്യ കൃഷ്ണയെന്ന ഇരുപത്തൊന്നുകാരിയെ കാണാതായത് ആശങ്ക പരത്തുന്നു.

പാലക്കാട് മേഴ്‌സി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയും ആലത്തൂര്‍ പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളുമാണ് സൂര്യ കൃഷ്ണ(21). ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് സൂര്യയെ കാണാതായത്.

ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണെന്ന് പിതാവ് രാധാകൃഷ്ണനെ വിളിച്ചറിയിച്ച ശേഷം രാവിലെ 11.15 ഓടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. അച്ഛന്‍ അവിടേക്ക് വരണമെന്ന് പറഞ്ഞതനുസരിച്ച് രാധാകൃഷ്ണന്‍ ബുക്ക്സ്റ്റാളില്‍ ഏറെനേരം കാത്തിരുന്നെങ്കിലും മകള്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഒന്നര മാസമായിട്ടും മകളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ കണ്ണീരോടെ കഴിയുകയാണ് കുടുംബം. സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും എടുക്കാതെ രണ്ടു ജോഡി വസ്ത്രം മാത്രമായാണ് പെണ്‍കുട്ടി അപ്രത്യക്ഷയായത്. യാതൊരു സൂചനയും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസിന് കനത്ത വെല്ലുവിളിയായി.

പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ സൂര്യ കൃഷ്ണയുടെ ബന്ധുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആലത്തൂര്‍ പോലീസ് പോയി അന്വേഷണം നടത്തിയിരുന്നു. ഗോവയില്‍ വീടുവെച്ച് താമസിക്കണമെന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നതായി വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലും അന്വേഷണ സംഘം പോയെങ്കിലും ഫലം ഉണ്ടായില്ല.

എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സൂര്യ കൃഷ്ണ പാലായില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയെങ്കിലും പ്രവേശനം കിട്ടിയില്ല. പിന്നീടാണ് പാലക്കാട് മേഴ്‌സി കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നത്. സുഹൃത്തുക്കളോടും അയല്‍വാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു സൂര്യയുടേതെന്ന് കുടുംബം പറയുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എ ദേവസ്യ, ഇന്‍സ്‌പെക്ടര്‍മാരായ റിയാസ് ചാക്കീരി, ദീപക് കുമാര്‍ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജസ്‌നയുടെ കേസില്‍ സംഭവിച്ചതുപോലെ ഈ കേസിലും അന്വേഷണത്തില്‍ പൊലീസ് അലംഭാവം പുലര്‍ത്തിയാല്‍ സൂര്യകൃഷ്ണയും 'എത്തേണ്ടിടത്ത്' എത്തിപ്പെട്ടേക്കാം. ചിലപ്പോള്‍ സംസ്ഥാനത്തിന് പുറത്ത്. അല്ലെങ്കില്‍ രാജ്യത്തിന് വെളിയില്‍. അതിനാല്‍ പെട്ടന്നുള്ളതും കാര്യക്ഷമവുമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.